*ആനന്ദ് മാതൃകാ ക്ഷീരസഹകരണ  സംഘങ്ങളുടെ പുതിയ ബൈലോ മന്ത്രി ചിഞ്ചുറാണി പ്രകാശനം ചെയ്യും*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ആനന്ദ് മാതൃകാ ക്ഷീരസഹകരണ  സംഘങ്ങളുടെ പുതിയ ബൈലോ മന്ത്രി ചിഞ്ചുറാണി പ്രകാശനം ചെയ്യും*

*ആനന്ദ് മാതൃകാ ക്ഷീരസഹകരണ  സംഘങ്ങളുടെ പുതിയ ബൈലോ മന്ത്രി ചിഞ്ചുറാണി പ്രകാശനം ചെയ്യും*

        ആനന്ദ് മാതൃകാ ക്ഷീരസഹകരണ  സംഘങ്ങളുടെ പുതിയ നിയമാവലി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റ് അനക്‌സ്-2 ൽ മിനിസ്റ്ററുടെ ചേമ്പറിൽ വച്ച് നവംബർ 5  ഉച്ചയ്ക്ക് 12.30 നാണ് പ്രകാശനം. കേരളത്തിൽ ആനന്ദ് മാതൃക ക്ഷീരസഹകരണ  സംഘങ്ങൾ  രൂപീകരിക്കുന്നതിന് ആരംഭം കുറിച്ച 1980 കളിൽ  തയ്യാറാക്കിയ നിയമാവലിയ്ക്കാണ് 45 വർഷങ്ങൾക്ക്  ശേഷം മാറ്റം  വന്നിരിക്കുന്നത്. ക്ഷീരവികസന വകുപ്പാണ്  പുതിയ നിയമാവലി  തയ്യാറാക്കിയിരിക്കുന്നത്.

കേരള സഹകരണ  നിയമത്തിനും  ചട്ടങ്ങൾക്കും വന്ന കാലാനുസൃതമായ  മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഈ നിയമാവലി ഭേദഗതി വരുത്തിയിരിക്കുന്നത്. സംഘങ്ങൾക്ക്  കൂടുതൽ  പ്രവർത്തനസ്വാതന്ത്ര്യം  നൽകിക്കൊണ്ട്, വൈവിധ്യവത്കരണത്തിനും  വരുമാന വർദ്ധനവിനുതകുന്നതുമായ വിവിധങ്ങളായ  ആശയങ്ങൾ  സംഘത്തിന്റെ പുതിയ നിയമാവലിയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. പാൽ, പാലുല്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവമാത്രം  ചെയ്യുന്നതിലുപരി ക്ഷീരസഹകരണ  സംഘങ്ങളെ  പൊതുസമൂഹത്തിനു കൂടി  സേവനങ്ങൾ  നൽകുന്നതിന്  സജ്ജരാക്കുന്നതിന്  ഉതകുന്ന  പ്രവർത്തനങ്ങൾ  നടത്തുന്നതിനായുളള  സാധ്യതകൾ  തുറന്നുകൊടുക്കുന്നുണ്ട്.

സംഘം ഭരണസമിതി,  ജീവനക്കാർ, കർഷകരായിട്ടുളള അംഗങ്ങൾ എന്നിവർക്ക്  തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും  അവകാശങ്ങളും വളരെ  ലളിതമായി മനസ്സിലാക്കുന്നതിനായി  ആയവ വളരെ  വിശദമായിത്തന്നെ  ഈ നിയമാവലിയിൽ  സൂചിപ്പിച്ചിട്ടുണ്ട്. ആനന്ദ് മാതൃക ക്ഷീരസംഘങ്ങളുടെ വരുംകാലങ്ങളിലുളള പ്രവർത്തനത്തിന്  കൃത്യമായ  ഒരു  ദിശാബോധം  നൽകുന്നതിന്  ഈ  നിയമാവലി  ഒരു  മുതൽക്കൂട്ടാകും.  മിൽമയിലെ  വിദഗ്ധർ ക്ഷീരമേഖലയുമായി  ബന്ധപ്പെട്ട  സഹകാരി പ്രമുഖർ മുതലായവരിൽ നിന്നുകൂടി  ആശയങ്ങൾ സ്വീകരിച്ചാണ് നിയമാവലി  തയ്യാറാക്കിയിരിക്കുന്നത്.

നിലവിൽ  കേരളത്തിൽ  3264  ആനന്ദ് മാതൃകാ ക്ഷീരസഹകരണ  സംഘങ്ങൾ   പ്രവർത്തിക്കുന്നുണ്ട്. ഈ  ക്ഷീരസഹകരണ  സംഘങ്ങളിൽ  രണ്ട്  ലക്ഷത്തോളം  കർഷകർ ദിനവും രണ്ട് നേരം പാൽ  നൽകുന്നുണ്ട്. ശരാശരി  16.75 ലക്ഷം ലിറ്റർ പാൽ  പ്രതിദിനം കർഷകരിൽ  നിന്നും  സംഭരിക്കുന്നുണ്ട്. ആനന്ദ്  മാതൃകാ ക്ഷീരസഹകരണ  സംഘങ്ങൾ  മാത്രം ശരാശരി 5 ലക്ഷം ലിറ്റർ  പാൽ  പ്രദേശികവില്പന  നടത്തുകയും ബാക്കിവരുന്ന  ശരാശരി  11.75 ലക്ഷം  ലിറ്റർ പാൽ  മിൽമയ്ക്ക്  നൽകുകയും ചെയ്തു വരുന്നു. മിൽമയിൽ  നിന്നും  ലഭിക്കുന്ന പാൽ വില  ക്ഷീരകർഷകർക്ക്  7 ദിവസം കൂടുമ്പോൾ  സംഘങ്ങൾ വിതരണം ചെയ്യുന്നുണ്ട്.   ഈ  ക്ഷീരസഹകരണ  സംഘങ്ങൾ  വഴി എതാണ്ട്  5112 ലക്ഷം  രൂപയാണ്  ഓരോ ആഴ്ചയും ക്ഷീരകർഷകരുടെ കൈകളിൽ  എത്തിച്ചേരുന്നത് എന്നത് ഈ മേഖലയുടെ സമകാല പ്രസക്തി വിളിച്ചോതുന്നതാണ്.