എസ് എ ടിയിലെ വെൻ്റിലേറ്ററുകളെക്കുറിച്ചുള്ള പത്രവാർത്ത വസ്തുതകൾ മറച്ചുവച്ചുള്ളത് 

Keralanewsmedia

എസ് എ ടിയിലെ വെൻ്റിലേറ്ററുകളെക്കുറിച്ചുള്ള പത്രവാർത്ത വസ്തുതകൾ മറച്ചുവച്ചുള്ളത് 

എസ് എ ടിയിലെ വെൻ്റിലേറ്ററുകളെക്കുറിച്ചുള്ള പത്രവാർത്ത വസ്തുതകൾ മറച്ചുവച്ചുള്ളത് 

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ആവശ്യത്തിന് വെൻ്റിലേറ്ററുകൾ ലഭ്യമായിരിക്കെ, കാലഹരണപ്പെട്ടതും അറ്റകുറ്റപ്പണിക്കായി മാറ്റി വച്ചിരിക്കുന്നതുമായ വെൻ്റിലേറ്ററുകളെക്കുറിച്ചു മാത്രം വന്ന പത്രവാർത്ത വസ്തുതകൾ മറച്ചുവച്ചുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

50 -ൽ അധികം വെൻ്റിലേറ്ററുകളാണ് ആശുപത്രിയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ഇതിനെക്കുറിച്ച് വാർത്തയിൽ ഒരു സൂചന പോലുമില്ല. വിവിധ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ആവശ്യമായതിൽ കൂടുതലാണിത്. വെൻ്റിലേറ്ററുകൾ ഇല്ലെന്ന കാരണത്താൽ ഇതുവരെ ആർക്കും ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലഹരണപ്പെട്ടതും അറ്റകുറ്റപ്പണിക്കായി മാറ്റി വച്ചിരിക്കുന്നതുമായ വെൻ്റിലേറ്ററുകളെക്കുറിച്ച് അമിതപ്രാധാന്യത്തോടെ പത്രവാർത്ത വന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും എസ് എ ടി ആശുപത്രിയെ വിശ്വസിച്ച് എത്തുന്നവരിൽ ആശങ്ക ഉണർത്താൻ മാത്രമാണ് ഇതു വഴിയൊരുക്കുന്നത്. പീഡിയാട്രിക് ഐസിയു, ന്യൂ ബോൺ ഐ സി യു, കാർഡിയോളജി ഐസിയു, പീഡിയാട്രിക് സർജറി ഐസിയു, മദർ ഇൻ്റൻസിവ് ട്രീറ്റ്മെൻ്റ് യൂണിറ്റ് തുടങ്ങി വിവിധ ഐസിയു കളിലേയ്ക്കായി 50-ൽ അധികം വെൻ്റിലേറ്ററുകൾ കരുതിയിട്ടുണ്ട്. എല്ലാ ഐസിയുകളിലും ചികിത്സയിലുള്ള രോഗികൾക്ക് പരമാവധി വേണ്ടി വരുന്നത് 35 മുതൽ 40 വെൻ്റിലേറ്ററുകൾ വരെയാണ്.

ശേഷിക്കുന്ന 10-ൽ അധികം വെൻ്റിലേറ്ററുകൾ കരുതൽ ശേഖരമെന്ന നിലയിൽ സൂക്ഷിച്ചു വരുന്നു. കോവിഡ് വ്യാപനക്കാലത്താണ് ഇത്രയധികം വെൻ്റിലേറ്ററുകൾ ആശുപത്രിയിൽ ലഭ്യമാക്കിയത്. 

തെക്കേ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം അമ്മമാരും നവജാത ശിശുക്കളുമടങ്ങുന്ന കുട്ടികൾക്കും സാധാരണക്കാരായ നിരവധി രോഗികൾക്കും മെച്ചപ്പെട്ട ചികിത്സ നൽകുന്ന ആശുപത്രിയ്ക്കെതിരെ വസ്തുതകൾ മറച്ചു വച്ച് വാർത്തകൾ നൽകുന്നത് ദൗർഭാഗ്യകരമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.