കൊട്ടാരക്കര ഐടി പാർക്ക് ഉടൻ യാഥാർത്ഥ്യമാകും: മന്ത്രി കെ എൻ ബാലഗോപാൽ*
Keralanewsmedia
*കൊട്ടാരക്കര ഐടി പാർക്ക് ഉടൻ യാഥാർത്ഥ്യമാകും: മന്ത്രി കെ എൻ ബാലഗോപാൽ*
_കൊട്ടാരക്കര നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു_
കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കെ ഐ പി രവി നഗറിലെ 50 സെന്റ് സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന കൊട്ടാരക്കര നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
15.36 കോടി രൂപയ്ക്കാണ് കൊട്ടാരക്കര മുൻസിപ്പാലിറ്റിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പാർക്കിംഗ് സൗകര്യം ഉൾപ്പെടെ 31000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും. കൊട്ടാരക്കരയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ ബൈപാസിന്റെ സ്ഥലമെറ്റെടുപ്പ്
നടപടികൾ പുരോഗമിക്കുന്നു. 300 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
റീബിൽഡ് കേരളയിലുൾപ്പെടുത്തി കുടിവെള്ള പദ്ധതിയും യാഥാർത്ഥ്യമായി. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും തുടരുന്നു. നെടുവത്തൂരിൽ ആരംഭിച്ച സോഹോ കോർപ്പറേഷന്റെ ഐ ടി പാർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 140 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന വർക്ക് നിയര്‍ ഹോം കേന്ദ്രത്തിന്റെ ട്രയൽ പ്രവർത്തനങ്ങൾ നടക്കുന്നു. കൊട്ടാരക്കരയുടെ എല്ലാ മേഖലയിലും വികസനം സാധ്യമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
147000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന കൊട്ടാരക്കരയിലെ ഐ ടി പാർക്കിനായി 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൊല്ലത്തും ഐടി പാർക്ക് യാഥാർത്ഥ്യമാകും. കൊട്ടാരക്കരയിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ കെ ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായി. മുൻ നഗരസഭ ചെയർമാൻമാരായ എസ് ആർ രമേശ്, എ ഷാജു, വൈസ് ചെയർപേഴ്സൺ ബിജി ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, ജേക്കബ് വർഗീസ് വടക്കടത്ത്, മിനി കുമാരി, ജി സുഷമ, കൗൺസിലർ വി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.













