ശിവഗിരി

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ശിവഗിരി

ശിവഗിരി : 93 ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ ഭാഗമായി തീര്‍ത്ഥാടന കാലയളവായ ഡിസംബര്‍ 15 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ശിവഗിരി മഠം രൂപം നല്‍കും. 15ന് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുരുദേവനെയും കൃതികളെയും ഗുരുദേവ പ്രസ്ഥാനത്തെയും കേരളീയ നവോത്ഥാനത്തെയും കുറിച്ചുള്ള പരിപാടികള്‍ ഉണ്ടായിരിക്കും. ഗുരുദേവനോടൊപ്പം കേരള നവോത്ഥാനത്തില്‍ മഹിതമായ സംഭാവനകള്‍ നല്‍കിയ ചട്ടമ്പിസ്വാമികള്‍, ബ്രഹ്മാനന്ദ ശിവയോഗി , സദാനന്ദ സ്വാമികള്‍, വാഗ്ഭടാനന്ദന്‍, ശിവാനന്ദപരമഹംസന്‍, സദ്ഗുരു നിത്യാനന്ദന്‍, രാമദാസ് സ്വാമികള്‍, രാമാനന്ദ ഗുരുദേവന്‍ തുടങ്ങിയവരെ കുറിച്ച് സ്മൃതി സമ്മേളനവും പ്രഭാഷണവും നടക്കും.

ഗുരുദേവനും ഗുരുദേവ ശിഷ്യന്മാരുമായ കവികള്‍ക്ക് മുഖ്യത കല്‍പ്പിച്ചു കൊണ്ടുള്ള അക്ഷരശ്ലോക സദസ്സ്, പിന്നോക്ക സമുദായ സമ്മേളനം , രാപ്പകല്‍ ശ്രീനാരായണ സങ്കീര്‍ത്തനാലാപനം, ഗുരുദേവ ചരിത്ര കഥാവലോകനം, സത്യവ്രത സ്വാമി സമാധി സ്മൃതി പ്രഭാഷണം,പാരമ്പര്യ വൈദ്യസമ്മേളനം , ലഹരി വിമുക്ത സെമിനാര്‍ എന്നിവ കൂടാതെ നിത്യേന ഗുരുദേവ കൃതികളെയും ഗുരുദര്‍ശനത്തെയും അടിസ്ഥാനമാക്കി പ്രഭാഷണങ്ങളും ഉണ്ടാകുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു. വിവരങ്ങള്‍ക്ക് 9048963089, 9447551499