*എസ്.ഐ.ആര്‍ ഫോം വിതരണത്തില്‍ നല്ല പുരോഗതി കൈവരിച്ചു - ജില്ലാകലക്ടര്‍*
Keralanewsmedia
PRESS RELEASE 20/11/2025
*എസ്.ഐ.ആര്‍ ഫോം വിതരണത്തില്‍ നല്ല പുരോഗതി കൈവരിച്ചു - ജില്ലാകലക്ടര്‍*
ജില്ലയില്‍ തുടരുന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കല്‍ (എസ്.ഐ.ആര്‍.) നടപടികളുടെ ഭാഗമായി 96.91 ശതമാനം എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം പൂര്‍ത്തിയായെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസ്.
2026 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ചാണ് നടപടികള്‍. പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിന് ബി.എല്‍.ഒ.മാരെ സഹായിക്കാന്‍ പ്രത്യേക വില്ലേജ് ഓഫീസുകളിലും പോളിംഗ് സ്റ്റേഷനുകളിലും സ്വീകരിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നു. പ്രാദേശിക ലോജിസ്റ്റിക്പിന്തുണ, നിശ്ചിതസമയപരിധിക്കുള്ളില്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് സാങ്കേതികവും അടിസ്ഥാനസൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കും. ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.
അധിക ബൂത്ത് ലെവല്‍ ഏജന്റുമാരെ (ബി.എല്‍.എ.) നാമനിര്‍ദ്ദേശം ചെയ്യാനും വോട്ടര്‍മാരില്‍ നിന്ന് പൂരിപ്പിച്ച ഫോമുകള്‍ ശേഖരിച്ച് ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനും അംഗീകൃതരാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ബി.എല്‍.ഒ.മാരുടെ ജോലിഭാരം കൂടുതല്‍ ലഘൂകരിക്കുന്നതിനാണ് നടപടി.
എല്ലാ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെയും മാതൃകാപരമായപരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. നിശ്ചിത സമയപരിധിപ്രകാരം പ്രത്യേക സംക്ഷിപ്തപുതുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ വോട്ടര്‍മാരും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും പൂര്‍ണമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3382/2025)
*വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി - ജില്ലാ കലക്ടര്‍*
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ബി.എല്‍.ഒ മാരെ ആക്രമിക്കുന്നുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സമയബന്ധിതമായി ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കുന്നത്. അവരുടെ ജോലിതടസപ്പെടുത്തുന്നത് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം വരെ തടവ്‌ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സമാനമാണ് ജോലിതടസപ്പെടുത്തുംവിധം സൃഷ്ടിക്കുന്ന തെറ്റായ വാര്‍ത്തകളും. ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍, ഇതര മാധ്യമങ്ങളുടേയും നിരീക്ഷണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം പൊലിസിന്റെ സൈബര്‍ വിഭാഗം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും. എന്യൂമറേഷന്‍ കലക്ഷന്‍ സെന്ററുകളില്‍ പൊലിസിന്റെ നിരീക്ഷണവും ആവശ്യമായ ഇടപെടലും ഉണ്ടാകും. ഇ.ആര്‍.ഒ. മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും സംരക്ഷണം ഉറപ്പാക്കണം എന്നും നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ. സി. പി. പ്രദീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി റെജി എബ്രഹാം, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3383/2025)
*തദ്ദേശതിരഞ്ഞെടുപ്പ് ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന തീയതി നവംബര്‍ 21*
തദ്ദേശതിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22 ന്; 24 വരെ പിന്‍വലിക്കാം. ഡിസംബര്‍ ഒമ്പതിനാണ് ജില്ലയില്‍ വോട്ടെടുപ്പ്;13 നാണ് വോട്ടെണ്ണല്‍.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 2255295 വോട്ടര്‍മാരാണുള്ളത്. 68 ഗ്രാമപഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും, കോര്‍പ്പറേഷനുമുള്‍പ്പെടെ 1505 വാര്‍ഡുകളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ കുളത്തൂപ്പുഴ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളിലെയും തമിഴ്ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വാര്‍ഡുകള്‍: വാര്‍ഡ് ഒന്ന്- എസ്റ്റേറ്റ്, വാര്‍ഡ് രണ്ട്- മടത്തിക്കോണം, വാര്‍ഡ് നാല്- ഇഎസ്എം കോളനി, വാര്‍ഡ് 20- ചന്ദനകാവ്, വാര്‍ഡ് 21- ചെറുകര, വാര്‍ഡ് മൂന്ന്- അമ്പനാട് ഈസ്റ്റ്, വാര്‍ഡ് എട്ട്- ഫ്‌ളോറന്‍സ്, വാര്‍ഡ് 12-വെഞ്ചര്‍, വാര്‍ഡ് 13- പൂത്തോട്ടം, വാര്‍ഡ് 14- അമ്പനാട് വെസ്റ്റ്.
ജില്ലയില്‍ ബൂത്ത് പുനക്രമീകരണപ്രക്രിയ പൂര്‍ത്തിയായതിനുശേഷം ആകെ 2722 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 2348 പോളിംഗ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 135 എണ്ണം നഗരസഭകളിലുമാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ 239 പോളിംഗ് സ്റ്റേഷനുകളും.
തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 1698 സീറ്റുകളാണുള്ളത്. ഇവയില്‍ സ്ത്രീകള്‍ക്ക് 867 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് 221 സീറ്റുകളും പട്ടികവര്‍ഗ വിഭാഗത്തിന് രണ്ട് സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. 123 സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 3384/2025)
*എസ്.ഐ.ആര്‍; കളക്ഷന്‍സെന്ററുകള്‍ പ്രവര്‍ത്തിക്കും*
ചാത്തന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന, പൂയപ്പള്ളി വില്ലേജ് പരിധിയിലെ ബൂത്ത് നം. 23 മുതല്‍ 42 വരെയുള്ള ബൂത്തുകളില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി ബൂത്ത് ഏജന്റുമാരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെ നവംബര്‍ 24, 25 തീയതികളില്‍ രാവിലെ 10 മുതല്‍ നാല് വരെ അതാത് ബൂത്തുകളില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. എന്യൂമറേഷന്‍ ഫോമുകള്‍ തിരിച്ചേല്പിച്ചിട്ടില്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോമുകള്‍ ക്യാമ്പുകളില്‍ നല്‍കാം.
(പി.ആര്‍.കെ നമ്പര്‍ 3385/2025)
*കല്ലട ജലോത്സവം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി*
നവംബര്‍ 29നു നടക്കുന്ന കല്ലട ജലോത്സവത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. പ്രത്യേകയോഗത്തില്‍ സുരക്ഷാ ക്രമീകരങ്ങള്‍ക്ക് പോലീസ്, അഗ്‌നിശമന സേന, അടിയന്തര ചികിത്സസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. പൊതുശുചിത്വം ഉറപ്പാക്കാന്‍ ശുചിത്വ മിഷനും നിര്‍ദേശം നല്‍കി. ഉദ്ഘാടന ചടങ്ങുകള്‍ക്കായി ജങ്കാറില്‍ പന്തലൊരുക്കണം. ഭക്ഷ്യഉത്പന്നങ്ങള്‍വില്‍ക്കുന്ന കച്ചവടക്കാരുടെ ലൈസന്‍സ് നിര്‍ബന്ധമാക്കാനും പരിശോധനകള്‍ നടത്താനും ഭക്ഷ്യ-സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനചടങ്ങുകള്‍ ലളിതമായി നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജില്ലാ മെഡിക്കല്‍ ഓഫീസില്‍, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3386/2025)









