*പുനഃസംഘടന ഉടനില്ലെന്ന് സൂചന. വേഗം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ യു.ഡി.എഫും കോൺഗ്രസും. സീറ്റ് വിഭജനം നേരത്തെ തീർക്കും. ഇന്ന് യു.ഡി.എഫ് യോഗം. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് വിലയിരുത്തൽ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*പുനഃസംഘടന ഉടനില്ലെന്ന് സൂചന. വേഗം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ യു.ഡി.എഫും കോൺഗ്രസും. സീറ്റ് വിഭജനം നേരത്തെ തീർക്കും. ഇന്ന് യു.ഡി.എഫ് യോഗം. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് വിലയിരുത്തൽ*
*തിരുവനന്തപുരം :* മാറ്റി വെച്ച കെ.പി.സി.സി പുന:സംഘടന ഉടനില്ലെന്ന് സൂചന. ഡി.സി.സി അദ്ധ്യക്ഷൻമാർ, കെ.പി.സി.സി സെക്രട്ടറിമാർ എന്നിവരുടെ പുന:സംഘടന ഉടൻ നടക്കുമെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്താവന മറ്റ് ലക്ഷ്യങ്ങളോടെ ആണെന്നാണ് റിപ്പോർട്ട്.പുന:സംഘടന ഉടനുണ്ടെന്ന കെ. പി.സി.സി അദ്ധ്യക്ഷൻ്റെ വാദം തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ തല നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണക്കാതിരിക്കാനുള്ള അദ്ധ്യക്ഷൻ്റെ അടവ് നയമായും ഇത് വിലയിരുത്തപ്പെടുന്നു.
പുന: സംഘടന നടക്കാത്തതിനാൽ ജില്ലാതല നേതാക്കൾക്കിടയിൽ അമർഷം പുകയുന്നുണ്ടെങ്കിലും ഇത് കാര്യമാക്കേണ്ടതില്ലെന്നും ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്നതിനാൽ പാർട്ടി ജയിക്കുമെന്നുമാണ് വാദം. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫിൽ ധാരണയായി. സീറ്റ് വിഭജനം നേരത്തെ തീർക്കും.
ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇതേപ്പറ്റി ധാരണയാവും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കാൻ കോൺഗ്രസും ഒരുങ്ങുകയാണ്. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും. ഉറപ്പായും ജയിക്കുന്ന സീറ്റുകൾ, ശക്തമായി പ്രവർത്തിച്ചാൽ പിടിച്ചെടുക്കുന്ന സീറ്റുകൾ, സാധ്യത കുറഞ സീറ്റുകൾ എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും. മൂന്നിനും പ്രത്യേക തന്ത്രങ്ങൾ ഉണ്ടാക്കും.













