മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ അനുമതി: മന്ത്രി സജി ചെറിയാൻ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ അനുമതി: മന്ത്രി സജി ചെറിയാൻ
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ വിരമിക്കുമ്പോൾ അടച്ച അംശാദായം തിരികെ നൽകുന്ന സുപ്രധാന പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ബോർഡ് അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ വിരമിക്കുമ്പോൾ പെൻഷൻ ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത സാഹചര്യം പരിഗണിച്ചാണ് അടച്ച തുക ആശ്വാസധനമായി തിരികെ നൽകാനുള്ള പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചത്.
2025 നവംബർ 30 വരെ ലഭിച്ച അപേക്ഷകൾ പ്രകാരം 67,440 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷകർ ആകെ 15.85 കോടി രൂപയാണ് അംശദായമായി അടച്ചിട്ടുള്ളതെങ്കിലും, ഇവർക്ക് പലിശയും ആനുകൂല്യങ്ങളും ഉൾപ്പെടെ ആകെ 18.94 കോടി രൂപ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2500 രൂപ വരെ അംശദായം അടച്ച എല്ലാ അപേക്ഷകർക്കും കുറഞ്ഞത് 2500 രൂപ വീതം വിരമിക്കൽ ആനുകൂല്യമായി ലഭിക്കും2500 രൂപയിൽ കൂടുതൽ അംശാദായം അടച്ചിട്ടുള്ളവർക്ക് പ്രസ്തുത തുകയ്ക്ക് പുറമെ, അധികമായി അടച്ച തുകയുടെ 5 ശതമാനം പലിശ കൂടി ചേർത്തുള്ള തുക വിരമിക്കൽ ആനുകൂല്യമായി നൽകുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ കാലയളവിൽ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അർഹരായവർക്ക് തുക വേഗത്തിൽ വിതരണം ചെയ്യാൻ ബോർഡിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.













