ലോക മലയാളിയുടെ വേദി’: അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം
റിപ്പോർട്ട് :ദൗ ലത് ഷാ എം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗ ലത് ഷാ എം
ലോക മലയാളിയുടെ വേദി’: അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി സമൂഹത്തിന്റെ പ്രാധാന്യത്തെയും ലോക കേരള സഭയുടെ പ്രസക്തിയെയും കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. നിറഞ്ഞ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു സായാഹ്നമാണിതെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ലോക കേരള സഭ ഇന്ന് പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി മാറിയിരിക്കുകയാണെന്ന് വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ഉന്നത വൈദഗ്ധ്യം തെളിയിച്ച നിരവധി മലയാളി പ്രതിഭകളുണ്ട്. നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നവരും കേരളത്തിന്റെ വികസനത്തിൽ വികാരാധീനരായി ഇടപെടുന്നവരുമാണ് ഈ പ്രവാസി സഹോദരങ്ങൾ. എന്നാൽ, തങ്ങളുടെ വൈദഗ്ധ്യവും അഭിപ്രായങ്ങളും നാടിനായി പങ്കുവെക്കാൻ അവർക്ക് കൃത്യമായൊരു വേദി ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. ഈ പ്രതിഭകളുടെ സഹകരണവും സഹായവും എങ്ങനെ നാടിന് പ്രയോജനപ്പെടുത്താം എന്ന ദീർഘവീക്ഷണത്തോടെയുള്ള ആലോചനയിൽ നിന്നാണ് 2018-ൽ ലോക കേരള സഭ എന്ന ആശയം യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ആദ്യ ഘട്ടത്തിൽ ഈ സംരംഭത്തെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. ഇത് ഫലം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ അഞ്ചാം സമ്മേളനത്തിൽ എത്തിനിൽക്കുമ്പോൾ ആ സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് നാടിനെക്കുറിച്ച് അഭിപ്രായം പറയാനും വികസനത്തിൽ പങ്കാളികളാകാനുമുള്ള ഈ വേദി ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. പ്രവാസി സമൂഹത്തെ ഭരണസംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ലോക കേരള സഭയിലൂടെ സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, എം എ യുസഫ് അലി, രവി പിള്ള, ഗോകുലം ഗോപാലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.













