ഗുരു അറിവിൻ്റെ ദേവതയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചു: ഡോ. ഗിവർഗീസ് മാർ കുർലോസ്
റിപ്പോർട്ട് :സജീവ് ഗോപാലൻ
ഗുരു അറിവിൻ്റെ ദേവതയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചു: ഡോ. ഗിവർഗീസ് മാർ കുർലോസ്
ശിവഗിരി : അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു സ്വന്തം താൽപ്പര്യപ്രകാരം നിർവ്വഹിച്ച രണ്ടാമത്തെ പ്രതിഷ്ഠയാണ് ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗിവർഗീസ് മാർ കുർലോസ്പ്രസ്താവിച്ചു. 114-ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 64 -ാമത് ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.താന്ത്രികാചാരത്തിന് ഗുരു ഇവിടെ പ്രാമുഖ്യം നൽകിയില്ല. അറിവ് സ്ത്രീഭാവമാണ്. ലോകം സ്ത്രീഭാവം ഉൾക്കൊള്ളണം. അമ്മയെപ്പോലെ ആർദ്രതയുള്ളവരായി നാം മാറണം. യുദ്ധങ്ങൾക്ക് കാരണഭൂതർ പുരുഷന്മാരാണ്, ട്രംബിനെ ഉദാഹരിച്ച് മാർ കൂർലോസ് പറഞ്ഞു. ദളിതർ അറിവ് നേടുന്നതിനെ ചിലർ ഇപ്പോഴും ഭയപ്പെടുന്നു. നിധിൻ രാജിൻ്റെ അകാല മരണം അതാണ് സൂചിപ്പിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് നാം മനുഷ്യരാകുന്നത്. ഇതിന് മാറ്റമുണ്ടാകണം. ഗുരുദർശനമാണ് അതിനുള്ള ഏക വഴികാട്ടി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക് സാമൂഹ്യ നീതി ഇപ്പോഴും അപ്രാപ്യമാണെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതത്തിന് പോലും മതം കല്പിക്കുന്ന സമൂഹമായി നാം അധഃപതിച്ചെന്ന് സ്വാമി ശുഭാംഗാനന്ദ സൂചിപ്പിച്ചു. സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ശാരദാനന്ദ,മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ, ഗുരുധർമ്മ പ്രചരണസഭയുടെ കർണ്ണാടക യുവജന സഭ ചെയർമാൻ ഗോപികൃഷ്‌ണ എന്നിവർ പ്രസംഗിച്ചു. ഡോ. സച്ചിദാനന്ദ സ്വാമികൾ രചിച്ച ശ്രീനാരായണ ഗുരുദേവ ദിവൃലീലാമൃതം - വാള്യം 2 പ്രകാശനം ചെയ്തു. മാസ്റ്റർ സി. എസ്. ദ്രുപത് പ്രാർത്ഥനാ ഗീതം ആലപിച്ചു. സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും രജിസ്ട്രാർ കെ.ടി. സുകുമാരൻ കൃതജ്ഞതയും പറഞ്ഞു.
രാവിലെ ശാന്തി ഹവനം, ശ്രീശാരദാ പൂജ, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. തുടർന്ന് ഡോ. സച്ചിദാനന്ദ സ്വാമികൾ പതാക ഉയർത്തി. പരിഷത്ത് വേദിയിൽ സ്വാമി പരാനന്ദ ഭദ്രദീപം പ്രകാശനം ചെയ്തു.
ഡോ. സ്വാമി സച്ചിദാനന്ദ,പ്രൊഫ: കെ. എം ഭരതൻ, ഡോ. ഉഷാ രാജ് വാര്യർ എന്നിവർ പഠന ക്ലാസ് നയിച്ചു. വൈകുന്നേരം മഹാസമാധിയിൽ ഗുരുദേവ മന്ത്രാർച്ചനയും സത്സംഗവും നടന്നു. രാത്രിയിൽ നടന്ന ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു.സ്വാമി ദേവാത്മാനന്ദ മുഖ്യപ്രഭാഷണം നടത്തി.സഭ ജോ. രജിസ്ടാർ പുത്തൂർ ശോഭനൻ,പി.ആർ.ഓ.ഡോ. സനൽകുമാർ, ചീഫ് കോ - ഓർഡിനേറ്റർ സത്യൻ പന്തത്തല, കോർഡിനേറ്റർമാരായ അശോകൻ ശാന്തി, ചന്ദ്രൻ പുളിക്കുന്ന് , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, അംബിളി ഹാരിസ്, മാതൃസഭാ പ്രസിഡൻ്റ് അനിതാ ശങ്കർ, സെക്രട്ടറി ശ്രീജാ ഷാജി, യുവജന സഭാ ചെയർമാൻ രാജേഷ് സഹദേവൻ,സെക്രട്ടറി സുബിത്ത് എസ്. ദാസ് എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി.
ശിവഗിരിയിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാസാ പരിഷത്ത് ഡോ. ഗീവർഗീസ് മാർ കുർലോസ് ഉദ്ഘാടനം ചെയ്യുന്നു . സ്വാമി അസംഗാനനഗിരി , ഡോ.പി. ചന്ദ്രമോഹൻ , സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ , സ്വാമി സച്ചിദാനന്ദ , സ്വാമി ശാരദാനന്ദ , കെ.ടി.സുകുമാരൻ, പുത്തൂർ ശോഭനൻ, രാജേഷ് സഹദേവൻ, അമ്പിളി ഹാരീസ്, ബ്രഹ്മചാരി ഹരിപ്രസാദ് എന്നിവർ സമീപം













