*തൃശൂരിന്റെ വികസന സ്വപ്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്: മന്ത്രി ഡോ. ആർ. ബിന്ദു*
Keralanewsmedia
*തൃശൂരിന്റെ വികസന സ്വപ്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്: മന്ത്രി ഡോ. ആർ. ബിന്ദു*
തൃശൂരിന്റെ വികസന സ്വപ്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുത്തൂർ സുവോളജിക്കൽ പാർക്ക് എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സഹജീവനത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഇക്കാലത്ത്, സുവോളജിക്കൽ പാർക്കിന് പൊതുസമൂഹത്തോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷി-മൃഗജാലങ്ങളെയും സസ്യജാലകത്തെയും ചേർത്തുപിടിച്ചുകൊണ്ട് മനുഷ്യരുടെ ജീവിതം മുന്നോട്ടുപോയ ഭൂതകാലത്തിന്റെ ഓർമ്മകൾ പകർന്നു തരുന്ന രീതിയിലായിരിക്കും സുവോളജിക്കൽ പാർക്കിന്റെ അനുഭവങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന നേട്ടങ്ങളിൽ ഒന്നാണ് പുത്തൂർ സുവോളജിക്കൽ പാർക്ക് എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. വ്യത്യസ്തങ്ങളായ ആവാസവ്യവസ്ഥയുടെ കൂടി കേന്ദ്രമാണ് സുവോളജിക്കൽ പാർക്ക്. മൂന്നു മലകളുടെ നടുവിൽ മനോഹരമായ സുവോളജിക്കൽ പാർക്ക് ലോകത്തിനു മുന്നിൽ സമർപ്പിക്കുന്ന അസാധാരണമായ പ്രകൃതി പഠനശാലയാണ് എന്നും മന്ത്രി പറഞ്ഞു.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണൻ, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ. വർഗ്ഗീസ്, സുവോളജിക്കൽ പാർക്ക് ഡയറക്ടർ പി.എൻ. നാഗരാജ്,
പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ ഐ.എം. വിജയൻ, അഭിനയ പ്രതിഭ ടി.ജി. രവി എന്നിവർ മുഖ്യാതിഥികളായി.
പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനിഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. ബാബു, സിനി പ്രദീപ്കുമാർ, പുത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി.എസ്. സജിത്ത്, ലിബി വർഗ്ഗീസ്, നളിനി വിശ്വംഭരൻ, സാമൂഹ്യപ്രവർത്തകൻ എം. പീതാംബരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.













