എരുമേലിയിൽ ഗതാഗത കുരുക്കിന് പരിഹാരമില്ല, വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥ. ജനങ്ങളും തീർഥാടകരും വലയുന്നു
Keralanewsmedia:online
എരുമേലി: ഗതാഗത കുരുക്കിനു
പരിഹാരമില്ല, വാഹനങ്ങൾ ഇഴഞ്ഞു പോലും നീങ്ങുന്നില്ല. ജനങ്ങളും തീർഥാടകരും വലയുന്നു. പേട്ടക്കവലയിൽ രണ്ട് തവണ ഭക്തർക്ക് റോഡ് കുറുകെ കടക്കേണ്ടി വരുന്നതാണു ഗതാഗതം നിശ്ചലമാകുന്നത്.ഓരോ മിനിറ്റിലും നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് റോഡ് മുറിച്ചു കടക്കുന്നത്. ഇവരെ കടത്തിവിടാൻ വാഹനങ്ങൾ തടഞ്ഞിടുകയല്ലാതെ പോലീസിനു വേറെ മാർഗമില്ല. ഇങ്ങനെ തടയപ്പെടുമ്പോൾ തീർഥാടകരുടെ തിരക്കിന്റെ തോത് അനുസരിച്ച് വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീളുന്നു.പോലീസ് ആവുന്നത്ര പരിശ്രമിച്ചിട്ടും വാഹനങ്ങളുടെ നിര ഇഴഞ്ഞല്ലാതെ ചലിക്കുന്നില്ല. ഇന്നലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് എത്താൻ താമസം നേരിട്ടു. സ്കൂൾ ബസുകളും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും തീർഥാടക വാഹനങ്ങളും ഉൾപ്പടെ വാഹനങ്ങൾ വഴിയിൽ ബ്ലോക്കിൽ പെട്ട് കിടന്നു.യാത്രക്കാർ റോഡിൽ ഇറങ്ങി നടന്നുപോകേണ്ടി വന്നു. ആംബുലൻസ് വന്നാൽ കടന്നുപോകാൻ ബുദ്ധിമുട്ടുന്ന സ്ഥിതി ആണു രാവിലെ മുതൽ മണിക്കൂറുകളോളമുണ്ടായത്. ടൗൺ റോഡിൽ പേട്ടതുള്ളൽ നടത്താൻ ഭക്തർ പ്രയാസപ്പെട്ടു.ഒരു വശത്ത് വാഹന നിരയും മറുവശത്ത് പേട്ടതുള്ളി പോകുന്ന ഭക്തരും പേട്ടതുള്ളൽ നടത്താനായി ഇവർക്കിടയിലൂടെ തിങ്ങി ഞെരുങ്ങി നടന്നു നീങ്ങുന്ന ഭക്ത സംഘങ്ങളും ഇതിനിടയിൽ ഏറെ പ്രയാസപ്പെട്ട് നടക്കുന്ന യാത്രക്കാരുമായി ടൗൺ റോഡിൽ ഇടമുറിയാതെ ജനതിരക്കും ഗതാഗത സ്തതംഭനവുമായിരുന്നു.മുൻകാലങ്ങളിൽ ശബരിമല സീസണിലെ അവസാനത്തെ ഏതാനും ദിവസം മാത്രമായിരുന്നു കിലോമീറ്ററുകൾ നീളുന്ന ഗതാഗത സ്തംഭനം അനുഭവപ്പെട്ടിരുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇപ്പോൾ തീർഥാടന കാലത്തിത്തിന്റെ തുടകത്തിൽ തന്നെ എരുമേലി വഴി യാത്ര നടത്താൻ പ്രയാസകരമായ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.
അഞ്ഞൂറോളം പോലീസുകാർ ട്രാഫിക് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടും ഗതാഗതം കുരുങ്ങുന്നത് പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം.













