ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം; മർദ്ദിച്ചവരിൽ സ്ത്രീകളും
Keralanewsmedia:online
കഴിഞ്ഞ ദിവസം വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന വിവരമാണ് പൊലീസ് അറിയിക്കുന്നത്. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ സ്ത്രീകളും ക്രൂരമായി മർദിച്ചെന്നാണ് പോലീസ് കണ്ടെത്തൽ.31 കാരൻ രാംനാരായണനെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ആൾക്കൂട്ടം മർദ്ദിച്ച് കൊന്നത്. ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഒരു സ്ഥലം പോലുമില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. 2 മണിക്കൂറാണ് രാംനാരായണനെ 15 പേർ ചേർന്ന് മർദ്ദിച്ചത്. അതിൽ അഞ്ചോളം സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായാണ് സൂചന. അവശനായി കിടന്നപ്പോഴും മർദ്ദനം തുടർന്നു. വാളയാർ പൊലീസിൽ നിന്ന് പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അന്വേഷണസംഘം കൂടുതൽ പേരുടെ മൊഴികളും ശേഖരിക്കും.പ്രതികളിൽ പലരും ഒളിവിൽ പോയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രാംനാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. നിലവിൽ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ ആർഎസ്എസ് ബിജെപി പ്രവർത്തകരാണ്.
കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും. മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആർഎസ്എസ് ബിജെപി പ്രവർത്തകർ നടത്തിയ ആൾക്കൂട്ട കൊലപാതകത്തിനെതിരെ ഡിവൈഎഫ്ഐ വാളയാറിൽ പ്രതിഷേധ സംഗമവും സഘടിപ്പിച്ചിരുന്നു.













