എനിക്ക് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആഘോഷങ്ങളോ ആദരവോ ഉണ്ടായിരുന്നില്ല'; പരിഭവം പറഞ്ഞ് അടൂർ ഗോപാലകൃഷ്ണൻ
Keralanewsmedia
എനിക്ക് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആഘോഷങ്ങളോ ആദരവോ ഉണ്ടായിരുന്നില്ല'; പരിഭവം പറഞ്ഞ് അടൂർ ഗോപാലകൃഷ്ണൻ
രണ്ടുദശാബ്ദംമുമ്പ് തനിക്ക് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആഘോഷങ്ങളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച 'മലയാളം വാനോളം, ലാൽസലാം' എന്ന പരിപാടിയിലാണ് അടൂർ തൻ്റെ പരിഭവം പറഞ്ഞത്. മോഹൻലാലിന് ആദ്യത്തെ ദേശീയ അവാർഡ് നൽകിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്നും അടൂർ ഓർമിച്ചു. 2004-ലാണ് അടൂരിന് സമഗ്രസംഭാവന പരിഗണിച്ച് ദാദാസാഹേബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചത്.രണ്ടുദശാബ്ദം മുമ്പ് എനിക്ക് അവാർഡ് ലഭിച്ചപ്പോൾ ഇതുപോലുള്ള ആഘോഷങ്ങളോ ജനങ്ങൾ മുഴുവൻ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സർക്കാരും പ്രത്യേകതാത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിലെനിക്ക് നിങ്ങൾ എല്ലാവരോടുമൊപ്പം വളരേ സന്തോഷവും അഭിമാനവുമുണ്ട്', എന്നായിരുന്നു അടൂരിന്റെ വാക്കുകൾ.
'എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ, മോഹൻലാലിൻ്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവുനൽകുകയുംചെയ്യുന്ന ഒരാളാണ്ഞാൻ. മോഹൻലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാൻ. ദേശീയതലത്തിൽ അദ്ദേഹത്തിനുള്ള ബഹുമതികൾ ആരംഭിക്കുന്നത് അവിടെയാണ്. അക്കാര്യത്തിൽ എനിക്ക് വളരേ അഭിമാനവും സന്തോഷവുമുണ്ട്', അടൂർ പറഞ്ഞു.
'ഓരോ മലയാളിക്കും സ്വന്തം പ്രതിബിംബം മോഹൻലാലിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മലയാളികൾ എവിടെ ജീവിക്കുന്നോ അവരുടേയെല്ലാം സ്നേഹപാത്രമായി അദ്ദേഹം മാറിയത്. മോഹൻലാലിന് ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന അഭിനയജീവിതവും കൂടുതൽ വിജയവും ഉണ്ടാവട്ടെ', അദ്ദേഹം ആശംസിച്ചു.തന്റെ മറുപടി പ്രസംഗത്തിൽ മോഹൻലാൽ അടൂർ ഗോപാലകൃഷ്ണനെ പരാമർശിച്ചു. 'എന്നെക്കുറിച്ച് ആദ്യമായി', എന്നു തുടങ്ങി പകുതിയിൽനിർത്തി, 'അല്ല, ഒരുപക്ഷേ ഒരുപാട് സദസ്സുകളിൽ എന്നെക്കുറിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും ഹൃദയത്തിൽ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു', എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.













