അദാലത്തുകള്‍ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവര്‍ത്തനത്തിന് അനിവാര്യം:
PRESS RELEASE 11/08/2026
*അദാലത്തുകള്‍ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവര്‍ത്തനത്തിന് അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ*
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവര്‍ത്തനത്തിന് അദാലത്തുകള്‍ വഴിയുള്ള അതിവേഗ തീര്‍പ് സഹായകമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, വനിതാ-ശിശുവികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ആശ്വാസ് 2026' ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയുടെ ജില്ലാതലഅദാലത്ത് ചിന്നക്കട കേരള ബാങ്ക് മിനിഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
വായ്പാതിരിച്ചടവ് മുടങ്ങിയവര്‍ക്കും ബാങ്കുകളുടെ കുടിശ്ശികയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനും അദാലത്തുകള്‍ ഉപകാരപ്പെടും. അതിദരിദ്രപട്ടികയിലുള്ളവര്‍, ഗുരുതര രോഗംബാധിച്ചവര്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഒരുക്കുന്നത്. ജില്ലയില്‍ ഇതുവരെ സഹകരണ സംഘങ്ങളുടെതലത്തില്‍ 614 അദാലത്തുകള്‍ നടന്നു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ താലൂക്ക്തലങ്ങളിലും സംഘടിപ്പിച്ചു; 2868 വായ്പകളിലായി 10.39 കോടിയുടെ ഇളവ് അനുവദിച്ചെന്നുവെന്നും മന്ത്രി അറിയിച്ചു.
കുന്നത്തൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ തമ്പാന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജെ ശോഭന, പരവൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ നെടുങ്ങോലം രഘു, വിവിധ സഹകരണയൂണിയന്‍ സര്‍ക്കിള്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2523/2026)
*കുട്ടികള്‍ ഗതാഗതനിയമങ്ങളറിഞ്ഞിരിക്കണം: മന്ത്രി ബിന്ദു കൃഷ്ണ*
ഗതാഗതനിയമാവബോധം കുട്ടികളില്‍ വളര്‍ത്തുംവിധമുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന്് ക്ഷീരവികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികളുടെ ഹെല്‍മെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ടൗണ്‍ യു. പി. സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗതാഗത നിയമപാലനം ചെറുപ്രായത്തിലേ ശീലിക്കണം. ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പാക്കുകയുംവേണം. നിരത്തുകളില്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും മുന്‍കൈയെടുക്കണം. പുതിയ ഗതാഗതസംസ്‌ക്കാരം രൂപപെടുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രചാരകരായിമാറാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് ഷീബആന്റണി അധ്യക്ഷയായി. സെക്രട്ടറി ഡി ഷൈന്‍ദേവ്, കൊല്ലം എ എസ് പി എസ് ഷാജി, ജോയിന്റ് ആര്‍ ടി ഓ ആര്‍ ശരത്ചന്ദ്രന്‍, പി ടി എ പ്രസിഡന്റ് ആര്‍ വൈശാഖ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2524/2026)
*ഉന്നതവിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി ബിന്ദു കൃഷ്ണ*
ഉന്നതവിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റഷന്‍ പ്രോഗാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കും; വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മാണത്തിന് നടപടികള്‍ സ്വീകരിക്കും. ക്യാമ്പസുകളിലെ ലഹരിവ്യാപനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ ഡോ ബിജോയ് എബ്രഹാം അധ്യക്ഷനായി. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2525/2026)
*തീറ്റപ്പുല്‍കൃഷി പരിശീലനം*
ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് 21, 22 തീയതികളില്‍ 'തീറ്റപ്പുല്‍കൃഷി പരിശീലനം' വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം/ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍/ അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ പങ്കെടുക്കേണ്ടതില്ല. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പരിശീലനത്തില്‍ പങ്കെടുക്കണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ.
(പി.ആര്‍.കെ നമ്പര്‍ 2526/2026)
*ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകള്‍*
കൊച്ചി ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സ ള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
(പി.ആര്‍.കെ നമ്പര്‍ 2527/2026)
*സ്പോട്ട് അഡ്മിഷന്‍*
കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ബി. ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേര്‍ണിംഗ്) കോഴ്‌സുകളിലേക്ക് ഓഗസ്റ്റ് 13, 14 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 0474-2453300, 9809852453, 8547005039.
(പി.ആര്‍.കെ നമ്പര്‍ 2528/2026)
*ഐ.ടി.ഐ പ്രവേശനം*
ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ എസ് .ടി സംവരണ വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് ഒന്നിന് 14 വയസ് തികയണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. യോഗ്യത: എസ്.എസ്.എല്‍.സി. ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 12 മണിക്കകം ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2713099.
(പി.ആര്‍.കെ നമ്പര്‍ 2529/2026)
*അഭിമുഖം*
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. മുസ്ലിം സംവരണ വിഭാഗത്തിലാണ് ഒഴിവ്. ഇവരുടെ അഭാവത്തില്‍ ഒ.സി വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസല്‍ സർട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഓഗസ്റ്റ് 14 രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2713099.
(പി.ആര്‍.കെ നമ്പര്‍ 2530/2026)
*സ്പെഷ്യല്‍ റിവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു*
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിപദ്ധതി അംഗങ്ങളുടെ കുട്ടികളില്‍ സംസ്ഥാന-ദേശീയ തലത്തില്‍ കലാകായിക അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരില്‍ നിന്നും 2024-25 അദ്ധ്യയന വര്‍ഷത്തെ സ്പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍-0474-2749334.
(പി.ആര്‍.കെ നമ്പര്‍ 2531/2026)
*സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് മത്സ്യമേഖലയിലെ വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം*
ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) മുഖേന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മത്സ്യമേഖലയിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ ഉള്‍പ്പെട്ട 18 മുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകള്‍ ആയിരിക്കണം. ഏതെങ്കിലും മത്സ്യഗ്രാമത്തില്‍ സ്ഥിര താമസക്കാരാകണം. രണ്ടു മുതല്‍ അഞ്ച് പേരടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, ശാരീരിക മാനസിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ അമ്മമാര്‍, വിധവകള്‍, എന്നീ ദുര്‍ബലവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രായ പരിധി 50 വയസ് . സാഫില്‍ നിന്നും മുന്‍പ് സഹായം കിട്ടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി 5 ലക്ഷംരൂപ വരെ ഗ്രാന്റ് ആയി ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ അതത് മത്സ്യഭവനുകള്‍, തേവള്ളിയിലെ സാഫ് നോഡല്‍ ഓഫീസ്, www.safkerala.org ലും ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 21. ഫോണ്‍: 9497280336, 9847241711.
(പി.ആര്‍.കെ നമ്പര്‍ 2532/2026)
*ഒറ്റത്തവണ പ്രമാണ പരിശോധന*
ജില്ലയില്‍ കേരള എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ( പാര്‍ട്ട് 1- നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 386/2025) തസ്തികയുടെ ശാരീരിക അളവെടുപ്പിലും പ്രായോഗിക പരീക്ഷയിലും വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശോധന ഓഗസ്റ്റ് 18ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി സംവരണം, വെയിറ്റേജ്, നിലവിലുള്ള ഡ്രൈവിംഗ് ലൈസന്‍സ്. ഏറ്റവും പുതിയ എക്സ്ട്രാക്റ്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കാഴ്ച സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം രാവിലെ 10.30 ന് ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍ 2533/2026)


Deepa Binu 










