2029 ദേശീയ കായികമേളയ്ക്ക് തമിഴ്നാട്; ജില്ലകളിൽ മെഗാ സ്പോർട്സ് ഹബ്ബുകൾ നിർദേശം
കേരള ന്യൂസ് മീഡിയ
2029 ദേശീയ കായികമേളയ്ക്ക് തമിഴ്നാട്; ജില്ലകളിൽ മെഗാ സ്പോർട്സ് ഹബ്ബുകൾ നിർദേശം
റിപ്പോർട്ട്: സജീവ് ഗോപാലൻ
ചെന്നൈ: 2029 ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ താൽപര്യം പ്രകടിപ്പിച്ച തമിഴ്നാട്, സംസ്ഥാനമൊട്ടാകെ മെഗാ കായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു.
കായിക വികസന മന്ത്രി ആദവ് അർജുന്‍ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് സമർപ്പിച്ച നിർദേശങ്ങളിൽ തിരുച്ചിറപ്പള്ളിയിൽ 48 ഏക്കർ ഒളിമ്പിക് അക്കാദമി, കോയമ്പത്തൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൈക്ലിങ് വെലോഡ്രോം, നാഗപട്ടണത്ത് ബീച്ച് സ്പോർട്സ് മികവുകേന്ദ്രം എന്നിവ ഉൾപ്പെടുന്നു.
പുതുക്കോട്ടൈ, തൂത്തുക്കുടി, വില്ലുപുരം, തിരുവള്ളൂർ, കൃഷ്ണഗിരി ജില്ലകളിൽ സിന്തറ്റിക് അത്ലറ്റിക്സ് ട്രാക്കുകളും കോയമ്പത്തൂർ, ചെങ്കൽപട്ട്, തിരുവാരൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ ഒളിമ്പിക് നിലവാരത്തിലുള്ള അക്വാട്ടിക് കോംപ്ലക്സുകളും സ്ഥാപിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു.
കള്ളക്കുറിച്ചി, തിരുനെൽവേലി, റാണിപ്പേട്ട്, കടലൂർ ജില്ലകളിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങളും ചെന്നൈയിൽ അന്താരാഷ്ട്ര സ്പോർട്സ് ക്ലൈംബിങ് കേന്ദ്രവും മധുരയിൽ ദേശീയ സ്പോർട്സ് സയൻസ്, റീഹാബിലിറ്റേഷൻ കേന്ദ്രവും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് രണ്ട് പ്രധാന കായിക ഇനങ്ങൾ വികസിപ്പിക്കുന്ന രീതിയിൽ കൂടുതൽ ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളുടെ പ്രധാന കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം.
കായിക ടൂറിസം, യുവജന വികസനം, തൊഴിൽ സൃഷ്ടി, അടിസ്ഥാനസൗകര്യ നിക്ഷേപം എന്നിവയ്ക്കും ഈ പദ്ധതികൾ ഗുണകരമാകുമെന്നാണ് തമിഴ്നാട് സർക്കാർ പ്രതീക്ഷിക്കുന്നത്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com


Deepa Binu 










