അനുശോചനക്കുറിപ്പ്

അനുശോചനക്കുറിപ്പ്

അനുശോചനക്കുറിപ്പ്

➖➖➖

എസ്.ജാനകി സംഗീതത്തെ ജീവിതവ്രതമാക്കിയ ഇതിഹാസം: പി.സി വിഷ്ണുനാഥ്

തന്റെ അനുപമമായ ശബ്ദമാധുര്യത്തിലൂടെ കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ മധുമഴ പെയ്യിച്ച ഇതിഹാസ പിന്നണിഗായിക എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ടൂറിസം,സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും കേരളത്തിന്റെ പതിനൊന്ന് ഉൾപ്പെടെ മുപ്പതിലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി ഇന്ത്യൻ സംഗീതചരിത്രത്തിൽ അനശ്വരമായ സ്ഥാനം നേടിയ കലാകാരിയാണ്.

  സംഗീതത്തെ ജീവിതവ്രതമാക്കി മാറ്റിയ കലാകാരിയായിരുന്നു ജാനകിയമ്മ. എത്ര ഉയർന്ന സ്ഥായിയിലുള്ള ഗാനങ്ങളും അനായാസം ആലപിക്കാനുള്ള അസാമാന്യമായ കഴിവും, ഏത് ഭാഷയിൽ പാടിയാലും ആ ഭാഷയുടെ ആത്മാവിനെ സ്വരത്തിൽ ഉൾക്കൊള്ളാനുള്ള അപൂർവമായ തന്മയത്വവുമാണ് ജാനകിയമ്മയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. ഭാഷകൾക്കും അതിരുകൾക്കും അതീതമായി സംഗീതത്തെ മനുഷ്യഹൃദയങ്ങളുമായി ബന്ധിപ്പിച്ച മഹാപ്രതിഭയായിരുന്നു അവർ.

മലയാളികൾ ജാനകിയമ്മയെ ഏറ്റവും ഹൃദയത്തോട് ചേർത്തത് എം. എസ്. ബാബുരാജിന്റെ സംഗീതത്തിലൂടെയായിരുന്നു. 'തളിരിട്ട കിനാക്കൾതൻ', 'അഞ്ജന കണ്ണെഴുതി', 'സൂര്യകാന്തീ...', 'ഒരു കൊച്ചു സ്വപ്നത്തിൻ', 'താമരക്കുമ്പിളിലല്ലോ മമഹൃദയം' തുടങ്ങിയ ഗാനങ്ങൾ എന്നും മലയാളിയുടെ ഓർമ്മകളിൽ തുളുമ്പി നിൽക്കും. 'ഇന്നലെ നീയൊരു സുന്ദരരാഗമായെൻ', 'ഉണരൂ വേഗം നീ', 'ആ നിമിഷത്തിന്റെ നിർവൃതിയിൽ', 'ഇളം മഞ്ഞിൻ കുളിരുമായി', 'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ', 'മഞ്ഞണിക്കൊമ്പിൽ', 'ഗോപികേ നിൻ വിരൽ', 'തേനും വയമ്പും', 'മൈനാകം', 'നാഥാ നീ വരും കാലൊച്ച' തുടങ്ങി അനേകം ഗാനങ്ങൾ തലമുറകൾ കടന്നും മലയാളികളുടെ ഹൃദയങ്ങളിൽ കുടിയിരിക്കും. 

നമ്മുടെ വികാരങ്ങൾക്ക് സ്വരഭേദം പകർന്ന കലാകാരിയായിരുന്നു ജാനകിയമ്മ. സന്തോഷത്തിനും സ്നേഹത്തിനും വിരഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപോലെ ഒഴുകിയ ആ സ്വരം ഇനിയുമേറെ തലമുറകളിൽ ചേർന്നലിയും.

ജാനകിയമ്മയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സംഗീതലോകത്തിന്റെയും എണ്ണമറ്റ ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അവരുടെ വിയോഗം മലയാള സിനിമാ ലോകത്തിനും തീരാ നഷ്ടമാണ്. 

 പാടി പകർന്നു വെച്ച അനശ്വരഗാനങ്ങളിലൂടെ ജാനകിയമ്മ എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.