അതുല്യയുടെ മരണം ഭര്തൃപീഡനംമൂലമെന്ന് കുടുംബം; ഭർത്താവിനെതിരെ കൊലക്കുറ്റത്തിനടക്കം കേസ്
Keralam
കൊല്ലം കോയിവിള സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്ത്. സതീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും.ഭർത്താവിനൊപ്പം ഷാർജയിൽ കഴിയുകയായിരുന്ന അതുല്യയെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു. അതുല്യയെ ഭർത്താവ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നതിന്റെ തെളിവുകളും പോലീസിൽ ഹാജരാക്കി. 2014 ലായിരുന്നു സതീഷ് -അതുല്യ വിവാഹം . ഇവർക്ക് പത്തു വയസ്സായ മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്.അതുല്യയെ ഭർത്താവ് ഉപദ്രവിക്കാറുണ്ടെന്ന് അതുല്യയുടെ സുഹൃത്തുക്കളും മനോരമ ന്യൂസിനോട് പറഞ്ഞു. മകൾ സ്വയം ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ ശേഖർ. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.2 വർഷമായി ദുബായിലായിരുന്ന അതുല്യ നാട്ടിൽ വന്ന് മകൾ ആരാധിക (10) യുമായി മൂന്നുമാസം മുൻപ് തിരികെ പോയിരുന്നു. എന്നാൽ അവിടെ പഠിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് മകളെ തിരിച്ചു നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. ശനിയാഴ്ച അതുല്യയുടെ പിറന്നാളായിരുന്നു. പുതിയ ജോലിക്ക് കയറേണ്ട ദിവസമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.11 വർഷം മുൻപായിരുന്നു അതുല്യയുടെയും സതീഷിൻ്റെയും വിവാഹം. വഴക്ക് പതിവായതോടെ അതുല്യയുടെയും ഭർത്താവിൻ്റെയും പ്രശ്നം കോടതിയിൽ വരെ എത്തിയിരുന്നു. എന്നാൽ കൗൺസലിങ്ങിന് പിന്നാലെ വീണ്ടും ഒരുമിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വരുന്ന പീഡനങ്ങളുടെ വിഡിയോ യുവതി നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇത് ബന്ധുക്കൾ പൊലീസിനു കൈമാറി.













