കടലോളം കരുതല്‍; മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതി വഴി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ നാളെ കൈമാറും
കേരളം
തീരദേശ ജനതയുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യംവെച്ചുള്ള പുനര്‍ഗേഹം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ മുട്ടത്തറയില്‍ നിര്‍മിച്ച ‘പ്രത്യാശ’ ഫ്‌ലാറ്റ് സമുച്ചയം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.
ഇതില്‍ 162 കുടുംബങ്ങള്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നവരാണ്. ജില്ലാതല കമ്മിറ്റി അംഗീകരിച്ച 133 ഗുണഭോക്താക്കളും, വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 18 കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
400 ഫ്‌ലാറ്റുകളില്‍ പണിപൂര്‍ത്തിയായ 332 എണ്ണത്തിന്റെ താക്കോല്‍ദാനമാണ് നിര്‍വഹിക്കുന്നത്.രണ്ടാംഘട്ടത്തില്‍ 68 ഫ്‌ലാറ്റുകളുടെ പണി പൂര്‍ത്തിയാക്കും. പുനര്‍ഗേഹം തീരദേശ പുനരധിവാസ പദ്ധതിയില്‍ മുട്ടത്തറ വില്ലേജില്‍ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.പുനര്‍ഗേഹം പദ്ധതി വഴി നാളിതുവരെ 5,361 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന അസംഖ്യം പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് പുനര്‍ഗേഹം പദ്ധതി.
460 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്ക് കീഴില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്. 260 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. വ്യക്തിഗത ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 2,488 ആണ്. ഫ്‌ലാറ്റുകള്‍ പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 390 വരും. പുരോഗമിക്കുന്ന വ്യക്തിഗത ഭവന നിര്‍മാണ ഘട്ടങ്ങള്‍ 1,347ഉം ഫ്‌ലാറ്റ് നിര്‍മാണം 1,136ഉം ആണ്.
കെട്ടുറപ്പുള്ള കടലാക്രമണ ഭീഷണിമുക്തമായ സുരക്ഷിത ഭവനം സ്വന്തമാകുന്നതോടെ തീരദേശ മേഖലയുടെ വലിയൊരു ആശങ്കയാണ് അകലുന്നത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ സര്‍വതോമുഖ ക്ഷേമം ഉറപ്പാക്കി എല്ലാവര്‍ക്കും കരുത്തും കരുതലുമാവുകയാണ് നമ്മുടെ സര്‍ക്കാരെന്നും മുഖ്യമന്ത്രി അറിയിച്ചു.













