*'ഗവർണർ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകൾ പഠിക്കേണ്ടതില്ല'; സുപ്രീം കോടതിയിൽ കേരളം*
Keralanewsmedia
*'ഗവർണർ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകൾ പഠിക്കേണ്ടതില്ല'; സുപ്രീം കോടതിയിൽ കേരളം*
*ന്യൂഡൽഹി:* രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളിൽ ഗവർണർ ഹ്രസ്വ കാലത്തിൽ തീരുമാനമെടുക്കണമെന്ന് കേരളം വ്യക്തമാക്കി. എത്രയും വേഗം, എന്നാൽ യുക്തിപരമായ സമയപരിധി മാത്രമെന്നും കേരളം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.
ബില്ലുകളിൽ ഗവർണർക്ക് സംശയങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ നടപടിക്രമങ്ങളുണ്ട്. ഗവർണർ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകൾ പഠിക്കേണ്ടതില്ല. അതുകൊണ്ടാണ് ഗവർണർ എതിരാളിയായി പരിഗണിക്കപ്പെടുന്നതെന്നുമാണ് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ വാദം. അപൂർവ്വം അവസരങ്ങളിൽ മാത്രമാണ് ഗവർണർ ചോദ്യം ഉന്നയിക്കേണ്ടതും ബില്ലുകൾ തടയേണ്ടതും. നിയമസഭ പാസാക്കിയ ബില്ലുകൾ ഇല്ലാതാക്കുന്നതിലും അംഗീകാരം തടയുന്നതിലും ന്യായീകരണമില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്കിയ ശേഷം ബില്ലുകള്‍ തടഞ്ഞുവെയ്ക്കാനാവില്ല. ജനങ്ങളോട് മറുപടി നല്കാന് ഗവർണർക്ക് ബാധ്യതയുണ്ടെന്നും കേരളം വാദിച്ചു. ബില്ലുകൾ റദ്ദാക്കുമ്പോൾ അതിൻ്റെ കാരണം ഗവർണർ പറയണം. ഗവർണർ നിയമനിർമാണസഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
രാഷ്ട്രപതിയുടെ റഫറൻസിൽ ഓരോ സംസ്ഥാനങ്ങളുടെയും കേസുകൾ പരിഗണിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമർശനം. ഗവർണറുടെ മുൻകാല നടപടിക്രമങ്ങളെക്കുറിച്ചാണ് വിശദീകരിച്ചതെന്ന് കേരളം മറുപടി നൽകി. രാഷ്ട്രപതിയുടെ റഫറൻസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പഞ്ചാബിന്റെ വാദം കേൾക്കും.













