ശിവഗിരി
Keralanewsmedia
ഹൈന്ദവ സമൂഹത്തിലെ വൈദിക ആചാര്യന്മാര്‍ക്ക് കുറേ കൂടി വിശാല ബുദ്ധി ഉണ്ടാകണം.
ശിവഗിരി : ഹൈന്ദവ സമുദായത്തിന്‍റെ ഭാഗമായിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈദിക ആചാര്യന്മാര്‍ക്ക് കുറേക്കൂടി വിശാല ഹൃദയം ഉണ്ടാകണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭ്യര്‍ത്ഥിച്ചു. അഹിന്ദു സമുദായത്തില്‍പ്പെട്ട ഒരു സഹോദരി റീല്‍ എടുക്കാന്‍ വേണ്ടി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കാല്‍ കഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തില്‍ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിന് ചേര്‍ന്നതല്ലായെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കള്‍ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങി പോകുന്നുണ്ട്. എല്ലാം ഗുരുവായൂരപ്പന്‍ അറിയുന്നുവെങ്കിലും ക്ഷേത്ര ഭരണാധികാരികള്‍ അറിയുന്നില്ലായെന്ന് മാത്രം. ഇതുകൊണ്ട് ക്ഷേത്ര ചൈതന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല, ക്ഷേത്ര ചൈതന്യം വര്‍ദ്ധിക്കുകയേയുള്ളൂ. ഒരുകാലത്ത് ഈഴവ ജാതി, പിന്നോക്ക ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്ര ചൈതന്യം കുറയുമെന്ന മൂഢ വിശ്വാസം ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആ ദുരാചാരം നീങ്ങിയപ്പോള്‍ ഹിന്ദുമതത്തിനും ഹൈന്ദവ ആരാധനയ്ക്കും ഏറെ വളര്‍ച്ചയല്ലേ ഉണ്ടായിട്ടുള്ളൂ. അതുപോലെ അഹിന്ദുക്കള്‍ക്കും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്നതിനെക്കുറിച്ച് ഹിന്ദുമതത്തിന്‍റെ ധാര്‍മിക ആചാര്യന്മാരും ദേവസ്വം ബോര്‍ഡും ഗവണ്‍മെന്‍റും പരിചിന്തനം ചെയ്യണമെന്ന് ശിവഗിരി മഠം അഭ്യര്‍ത്ഥിക്കുകയാണ്. മുന്‍പ് വയലാര്‍ രവിയുടെ ചെറുമകനെ മാതൃസ്ഥാനത്തില്‍ അന്യമത ബന്ധമുണ്ടെന്ന് കാട്ടി പുണ്യാഹം നടത്തി ബഹുജനങ്ങളില്‍ അവഹേളിതമായ സംഭവമുണ്ടായി. അന്യമത വിശ്വാസിയായ ഒരാള്‍ ക്ഷേത്രക്കുളം പോലും സ്പര്‍ശിക്കാന്‍ പാടില്ല എന്നുള്ളത് നിരവധി അധ:സ്ഥിതര്‍ക്ക് മോക്ഷം നല്‍കിയ ഭഗവാന്‍ ഗുരുവായൂരപ്പന് ഇഷ്ടപ്പെടില്ല എന്ന് തീര്‍ച്ചതന്നെ.
..........................................................................................................................................................................................................................................................













