*കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ – യുടെ ശ്രദ്ധ ക്ഷണിക്കലിന് വ്യവസായ മന്ത്രി പി.രാജീവ് നൽകിയ മറുപടി*

Keralanewsmedia

*കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ – യുടെ ശ്രദ്ധ ക്ഷണിക്കലിന് വ്യവസായ മന്ത്രി പി.രാജീവ് നൽകിയ മറുപടി*

*കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ – യുടെ ശ്രദ്ധ ക്ഷണിക്കലിന് വ്യവസായ മന്ത്രി പി.രാജീവ് നൽകിയ മറുപടി*

സംസ്ഥാനത്ത് കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും ടി മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനായി (2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ) 30 കോടി രൂപ വകയിരുത്തുകയും ഇതിൽ മൂന്ന് പദ്ധതി ഘടകങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. നിലവിൽ പ്രവർത്തിക്കുന്ന പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് അവയുടെ സുസ്ഥിരമായ പ്രവർത്തനത്തിനും മികച്ച ഉൽപ്പാദനക്ഷമതയ്ക്കും പ്രോത്സാഹനത്തിനും തൊഴിൽ പുനഃസ്ഥാപിക്കുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 20 കോടി രൂപ വകയിരുത്തി. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ യുവജനങ്ങളെ ഈ വ്യവസായത്തിലേക്ക് ആകർഷിക്കാനും കഴിയുന്ന തരത്തിൽ സ്ത്രീ സൗഹൃദ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി 5 കോടി രൂപയും പ്രോസസ്സിംഗ് യൂണിറ്റുകളിലെ ഷെല്ലിങ് വിഭാഗത്തിന്റെ നവീകരണത്തിനായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കായി 2024-25 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്ക് ആകെ 200 ലക്ഷം രൂപ നല്‍കി. ഈ സാമ്പത്തിക വര്‍ഷവും 200 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ ഇടത്തരം ചെറുകിട കാഷ്യൂ ഫാക്ടറിയുടെ നവീനവത്കരണത്തിനു മൂലധന ഗ്രാന്റും പലിശ സബ്‍സിഡിയും അനുവദിക്കുന്ന പദ്ധതിയും സർക്കാർ നടപ്പിലാക്കി വരുന്നു. ചെറുകിട ഇടത്തരം കാഷ്യൂ ഫാക്ടറികൾക്ക് അവയുടെ സ്ഥിരാസ്ഥി മൂലധനത്തിന്മേലും, Technology up gradation നുമായും പ്രവർത്തനമൂലധന ആവശ്യത്തിനായി എടുത്ത ലോണുകളിൽ അടച്ച പലിശക്ക് സബ്‌സിഡിയായും തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് 2024-25 ല്‍ 80 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഈ പദ്ധതിയ്ക്കായി 200 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

 സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീർപ്പാക്കൽ (OTS) പദ്ധതി സംബന്ധിച്ച് ഫോർമുല രൂപീകരിക്കുന്നതിനും ബാങ്കിന് ശിപാർശ നൽകുന്നതിനുമായി സർക്കാർ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒറ്റത്തവണ തിർപ്പാക്കൽ (OTS) പദ്ധതി നടപ്പിലാക്കി. സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പരിധിയില്‍ 31/03/2021 വരെ നിഷ്ക്രിയ ആസ്മി (NPA) ആയ കശുവണ്ടി വ്യവസായികളുടെ ലോൺ അക്കൗണ്ടുകൾ ആണ് പരിഗണിക്കുന്നത്. 2 കോടി വരെയുള്ള അക്കൗണ്ടുകൾക്ക് 50% ഉം 2 കോടിയ്ക്ക് മുകളിൽ 10 കോടി വരെയുള്ള NP അക്കൗണ്ടുകൾക്ക് 60% എന്ന വ്യവസ്ഥയോടുകൂടിയാണ് OTS അംഗീകരിച്ചിട്ടുള്ളത്. OTS സ്വീകരിക്കുന്ന അവസാന തീയതി 31/03/2022 വരെ എന്നുള്ളത് സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം 31/12/2024 വരെ ദീർഘിപ്പിച്ച് നൽകുകയുണ്ടായി. ഇത് 31/12/2025 വരെ ദീർഘിപ്പിച്ച് നൽകാൻ ബഹു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്കുകളോടും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം SLBC കണ്‍വീനര്‍ ബാങ്കുകള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി രൂപീകരിക്കപ്പെട്ട മിനിമം വേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് കശുവണ്ടി തൊഴിലാളികൾക്ക് നൽകേണ്ടതായ കുറഞ്ഞ കൂലി 23% നിരക്കിൽ വർദ്ധിപ്പിച്ച് സർക്കാർ 12.02.2024 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് മുഖേന തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക്‌ 2025 ഓണത്തോടനുബന്ധിച്ച്‌ 2,500/ - രൂപ വീതം 13835 തൊഴിലാളികള്‍ക്ക്‌ ആകെ 3,45,87,500/ - രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്‌. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 535 തൊഴിലാളികളേയും കാപ്പക്സില്‍ 252 തൊഴിലാളികളേയും നിയമിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കശുവണ്ടി മേഖലയുടെ സമഗ്ര പുനരുജ്ജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി, ടി മേഖലയിലെ പ്രതിസന്ധി വലിയൊരളവില്‍ പരിഹരിക്കുന്നതിന് സാധിച്ചിട്ടുണ്ട്.

കശുവണ്ടി മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളികള്‍, സംഘടനാ പ്രതിനിധികള്‍, എക്സ്പോര്‍ട്ടേഴ്സ്, മറ്റു വിദഗ്ദ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ഒരു കോണ്‍ക്ലേവ് ഈ വരുന്ന ഒക്ടോബര്‍ 14 –ന് കൊല്ലത്ത് നടത്തുന്നതാണ്.