*തെരഞ്ഞെടുപ്പിന് മുൻപേ വെൽഫെയർ പാർടിയെ യുഡിഎഫിലെടുക്കും? ബന്ധം നിഷേധിക്കാതെ അടൂര്‍ പ്രകാശ്*
Keralanewsmedia
*തെരഞ്ഞെടുപ്പിന് മുൻപേ വെൽഫെയർ പാർടിയെ യുഡിഎഫിലെടുക്കും? ബന്ധം നിഷേധിക്കാതെ അടൂര്‍ പ്രകാശ്*
*കോഴിക്കോട്* : മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയെ മുന്നണിയിൽ എടുക്കാനുള്ള നീക്കം നിഷേധിക്കാതെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപായി എല്ലാ പ്രസ്ഥാനങ്ങളുമായും യോജിച്ച് പോകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. അത് കഴിഞ്ഞാൽ ഉടൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പും വരും. സഹകരിക്കാനാകുന്ന എല്ലാ കക്ഷികളുമായും സഹകരിക്കും- അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിട്ട് പറയാമെന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിന് ജമാഅത്തെ ഉൾപ്പെടെ മുസ്ലിം മതമൗലികവാദ സംഘടനകളെ പരസ്യമായി കൂട്ടുപിടിച്ചാണ് യുഡിഎഫ് പ്രവർത്തനം. ജമാഅത്തെ ഇസ്ലാമി വിഷയങ്ങൾ ഏറ്റുപിടിക്കുന്ന ലീഗ് ഇസ്ലാം മതവിശ്വാസികൾക്കിടയിൽ തീവ്ര മതനിലപാടുകള്‍ വളരാന്‍ അവസരം ഒരുക്കുന്നുവെന്ന വിമർശവും ശക്ത മാണ്. ലീഗ് അനുകൂല സംഘടനയായ സമസ്‌ത കേരള ജംഇയത്തുൽ ഉലമ (ഇ കെ വിഭാഗം) ഉൾപ്പെടെ വിവിധ മതസംഘടനകൾ ഇതിനെതിരെ നിരവധി തവണ പരസ്യ നിലപാടെടുത്തിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ തുറന്ന സഖ്യം മതനിരപേക്ഷതയ്‌ക്ക് അപകടമാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. ആർഎസ്‌എസും ജമാഅത്തെ ഇസ്‌ലാമിയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം എന്നിവയ്‌ക്കെല്ലാം രണ്ടും എതിരാണ്. സംഘപരിവാറിന്റെ മതരാഷ്‌ട്രവാദത്തെ പരാജയപ്പടുത്തണമെങ്കിൽ ജമാ അത്തെ ഇസ്‌ലാമി മുന്നോട്ടുവയ്‌ക്കുന്ന ഇസ്‌ലാമിക രാഷ്‌ട്രവാദത്തെയും നേരിടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു.













