*സമാധാനത്തിനുള്ള നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോക്ക്*
Keralanewsmedia
*സമാധാനത്തിനുള്ള നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോക്ക്*
2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോക്ക് പുരസ്കാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുള്ള പോരാട്ടത്തിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു.
ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും നൊബേൽ സമ്മാനത്തിന് അർഹനാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നൊബേൽ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകയ‌്ക്കാണ് പുരസ്കാരം. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ പ്രവർത്തനത്തിനാണ് അംഗീകാരം.
രസതന്ത്ര, ഭൗതികശാസ്ത്ര, വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഗി എന്നിവരാണ് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് തുടക്കമിട്ടതിനാണ് അംഗീകാരം.
ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്‌ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് ലഭിച്ചത്.
സാമ്പത്തിക ശാസ്ത്ര നൊബേൽ ഒക്ടോബർ പതിമൂന്നിന് പ്രഖ്യാപിക്കും. ആൽഫ്രഡ് നോബലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡിഷ് രാജാവ് നൊബേൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.













