ശബരി റയിൽ പാത  വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ നിവേദനം നൽകി 

Keralanewsmedia

ശബരി റയിൽ പാത  വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ നിവേദനം നൽകി 

ശബരി റയിൽ പാത  വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ നിവേദനം നൽകി 

 

തുറമുഖ അനുബന്ധ വ്യവസായങ്ങൾ വികസിപ്പിച്ചു  ബ്ലൂ ഇക്കോണമി സംസ്ഥാനത്തു മുഴുവൻ വ്യാപിപ്പിക്കാൻ ശബരി റയിൽ പാത പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ ആർ ഡി സി എൽ നെ കൊണ്ട് ഡി പി ആർ തയ്യാറാക്കിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.  സംസ്ഥാനത്ത് നിലവിലുള്ള  ദേശിയ പാതയും റെയിൽ പാതയും കടന്നു പോകുന്ന  ജനസാന്ദ്രത കൂടിയ പടിഞ്ഞാറൻ കേരളത്തിൽ സ്ഥലം കിട്ടാനും തുറമുഖ അനുബന്ധ സംരംഭങ്ങൾക്കായി ആ പ്രദേശങ്ങളെ വികസിപ്പിക്കാനുമുള്ള  സാധ്യതകൾ വളരെ പരിമിതമാണെന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ  നെടുമങ്ങാട്, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കോതമംഗലം  താലൂക്കുകളിൽ സർക്കാർ പാട്ടത്തിന് കൊടുത്തിരിക്കുന്നതും അല്ലാത്തതുമായ നിരവധി എസ്റ്റേറ്റുകളുള്ളത് തുറമുഖ അനുബന്ധമായ സംരംഭങ്ങൾക്കായി ഏറ്റെടുത്തോ പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പ് രീതിയിലോ ഡെവലപ്പ് ചെയ്യാൻ കഴിഞ്ഞാൽ പതിനായിരക്കണക്കിന് ഏക്കർ സ്ഥലങ്ങളും  കിഴക്കൻ കേരളത്തിലെ നിരവധി നഗരങ്ങളും തുറമുഖ അനുബന്ധ വ്യവസായ സംരംഭങ്ങൾ ക്കായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാരിനാകുമെന്ന് നിവേദക സംഘം പറഞ്ഞു.

 

തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു തൊഴിൽ അവസരങ്ങൾ  വർദ്ധിപ്പിക്കാൻ അങ്കമാലി - ശബരി റെയിൽപാത പത്തനംതിട്ട -പുനലൂർ - നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചാൽ മാത്രം മതിയാകും. സംസ്ഥാനത്തെ മൂന്നാമത്തെ റെയിൽവേ ലൈൻ കിഴക്കൻ കേരളത്തിലൂടെ നിർമ്മിച്ചാൽ അങ്കമാലി- എരുമേലി ശബരി റെയിൽ പാതയിലുള്ള 14 സ്റ്റേഷനുകളുൾപ്പടെ 26 പുതിയ റെയിൽവേ സ്റ്റേഷനുകൾ കേരളത്തിന് ലഭിക്കും.

 കാട്ടാക്കടയും നെടുമങ്ങാടും, വെഞ്ഞാറമൂടും, കിളിമാനൂരും തിരുവന്തപുരത്തിന്റെ ഉപനഗരങ്ങളായി വികസിക്കാൻ ശബരി റെയിൽപാത നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കണമെന്ന് നിവേദത്തിൽ ആവശ്യപ്പെട്ടു. ജനസാന്ദ്രമായ പടിഞ്ഞാറൻ മേഖലയെ അപേക്ഷിച്ചു കിഴക്കൻ കേരളത്തിലെ തോട്ടം മേഖലയിൽ കൂടി റെയിൽ പാത നിർമ്മിക്കാൻ സ്ഥലമെടുപ്പ് ചെലവ് വളരെ കുറവായിരിക്കും. കിഴക്കൻ മേഖലയിൽ ചതുപ്പ് പ്രദേശങ്ങളില്ലാത്തതിനാൽ നിർമ്മാണ ചിലവ് കുറവായിരിക്കും. സംസ്ഥാന തലസ്ഥാനത്തേക്ക് നിലവിലുള്ള റെയിൽവേ ലൈനിൽ തടസ്സമുണ്ടായാൽ ട്രെയിൻ ഗതാഗതം തടസമുണ്ടാകാതിരിക്കാൻ ഗ്രീൻ ഫീൽഡ് റെയിൽവേ ആയി ശബരി റെയിൽവേയെ വികസിപ്പിക്കണമെന്നും സംഘം പറഞ്ഞു. 

 

അൻപതിനായിരത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റെയിൽവേ സൗകര്യം നൽകുന്നതിന് മുൻഗണന നൽകുന്ന റെയിൽവേ ബോർഡിൻറെ നയവും ശബരി റെയിൽപാത പത്തനംതിട്ട -പുനലൂർ - നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് ശബരി റെയിൽവേ വികസിപ്പിക്കുന്നതിന് അനുകൂലമാണ്. നെടുമങ്ങാട് നഗരത്തിലെ ജനസംഖ്യ 62,000 ആണ്. പത്തനംതിട്ട ജില്ലാ അസ്ഥാനത്തും ശബരി റെയിൽവേ വിഴിഞ്ഞത്തേക്ക് നീട്ടുന്നത് വഴി റെയിൽവേ സൗകര്യം ലഭ്യമാകും.

 

അങ്കമാലി-എരുമേലി ശബരി റെയിൽവേ പത്തനംതിട്ട -പുനലൂർ- നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക്  വികസിപ്പിക്കുന്നതിന് ഡി പി ആർ തയ്യാറാക്കാൻ കേരള റെയിൽവേ ഡെവലപ്പ്മെൻറ് കോർപറേഷനെ (കെ റെയിൽ) കൊണ്ട്  സർവ്വേ നടത്തുന്നത് വഴി സാധിക്കും. അങ്കമാലി- എരുമേലി റെയിൽവേയ്ക്ക് കെ റെയിൽ ഡി പി ആർ ഉണ്ടാക്കിയത് റെയിൽവേയുടെ അംഗീകരിച്ചിരുന്നു.  

 

അങ്കമാലി-എരുമേലി ശബരി റെയിൽവേ പത്തനംതിട്ട-പുനലൂർ-നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക്  വികസിപ്പിച്ചു സംസ്ഥാനത്തെ മൂന്നാമത്തെ റെയിൽ കോറിഡോർ നിർമ്മിക്കാൻ ഡി പി ആർ തയ്യാറാക്കാൻ കെ റെയലിനെ  ചുമതലപ്പെടുത്താണമെന്നും ഫണ്ട് അനുവദിക്കണമെന്നും സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, ആർ ജയദേവൻ, പി എസ് ഷെറിഫ് എന്നിവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു

.