*ശബരിമല സ്വർണക്കൊള്ള; നിർണായക വിവരം പുറത്ത്, 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ശബരിമല സ്വർണക്കൊള്ള; നിർണായക വിവരം പുറത്ത്, 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം*
*തിരുവനന്തപുരം* : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുന്നതിനിടെ ചില നിർണായക വിവരങ്ങൾ പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ ചെമ്പ് എന്ന പരാമർശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഉത്തരവിന്റെ പകർപ്പും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് ചെമ്പ് എന്ന പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഉത്തരവിലുള്ളത്. 2024ൽ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ ശക്തമായ അന്വേഷണം നടക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം റാന്നി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.
സന്നിധാനത്തെ ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമായിരുന്നു ഇതുവരെ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ഇയാളെ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തി. സ്വർണക്കൊള്ളകേസിൽ സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. എന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് വിളിച്ചറിയിച്ച് എല്ലാവരെയും വിട്ടയക്കുകയും ചെയ്തു. സന്നിധാനത്ത് നിന്നും കവർന്ന സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.













