കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം: 'പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം,' പിഎച്ച്ഡി വിദ്യാർത്ഥിയോട് വകുപ്പു മേധാവി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം: 'പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം,' പിഎച്ച്ഡി വിദ്യാർത്ഥിയോട് വകുപ്പു മേധാവി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിന് പിന്നാലെ വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി.സംസ്കൃതം വകുപ്പ് മേധാവി സി എൻ വിജയകുമാരിക്കെതിരെ പിഎച്ച്ഡി വിദ്യാർത്ഥിയായ വിപിൻ വിജയന് വൈസ് ചാൻസലർക്കും കഴക്കൂട്ടം എസിപിക്കും പരാതി നൽകി.
തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി. പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അപമാനിച്ചു എന്നുമാണ് വിദ്യാർഥിയുടെ ആരോപണം.
എംഫിലിൽ വിദ്യാർഥിയുടെ ഗൈഡായിരുന്നു സി എൻ വിജയകുമാരി. ഇവർ പിന്നീട് തനിക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് നൽകിയെന്നും വിദ്യാർഥി ആരോപിക്കുന്നു.സുഹൃത്തുക്കൾക്ക് മുന്നിൽവെച്ച് അപമാനിക്കുന്ന നിലയിൽ അധ്യാപിക പ്രവർത്തിച്ചെന്നും, തൻ്റെ ഓപ്പൺ ഡിഫൻസിൽ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിൽ പ്രവർത്തിച്ചെന്നും പിഎച്ച്ഡി വിദ്യാർത്ഥിയായ വിപിൻ വിജയൻ പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അധ്യാപികയുടെ വാദം. അക്കാദമികമായ കാര്യം മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നാണ് വിശദീകരണം.
വിദ്യാർഥിക്ക് സംസ്കൃതം അറിയില്ലെന്ന് റിപ്പോർട്ട് നൽകിയത് വൈസ് ചാൻസലർക്ക് മാത്രമാണ്. ഡീനെന്ന നിലയിൽ ആണ് പ്രവർത്തിച്ചത്.
ഡീൻ എന്ന നിലയിൽ എടുത്ത തീരുമാനം തെറ്റാണെന്ന് സർവകലാശാല പറഞ്ഞാൽ അത് അംഗീകരിക്കും.
ഞാൻ പൂണൂലിട്ട വർഗത്തിൽപ്പെട്ടത് ആഗ്രഹിച്ചത് കൊണ്ടല്ല, ജാതിയധിക്ഷേപ പരാതിയിൽ ഒന്നും പറയാനില്ലെന്നും സി എൻ വിജയകുമാരി വ്യക്തമാക്കുന്നു.
സർവകലാശാലയുടെ പരിഗണനയിൽ ഇരിക്കുന്നതാണ് പിഎച്ച്‌ഡി വിവാദം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ സർവകലാശാലയുടെ അനുമതി വേണം.
മറ്റ് വിവാദങ്ങൾ കാലം തെളിയിക്കുമെന്നും സി എൻ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.













