മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി ഡോക്ടർമാർ
റിപ്പോർട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
എല്ലാ രോഗികളും ഒരുപോലെ, വേണുവിന് പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ചികിത്സയും നൽകിയെന്ന് ഡോ. മാത്യു ഐപ്പ്. മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി ഡോക്ടർമാർ
തിരുവനന്തപുരം: തിരുവനന്തപുരം
മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി ഡോക്‌ടർമാർ.രോഗി മരിച്ചത് വളരെ ഖേദകരമായ കാര്യമാണ്. എന്നാൽ എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ചികിത്സയും നൽകിയെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു.
കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചത്.നെഞ്ചുവേദനയുമായിട്ടാണ് നവംബർ ഒന്നാം തീയതി വേണു കാഷ്വാലിറ്റിയിൽ വരുന്നത്. ഉടനെ തന്നെ കാർഡിയോളജി വിഭാഗത്തിൽ കണ്ട് ഹാർട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിച്ചു.അദ്ദേഹത്തിന് വേദന തുടങ്ങിയത് തലേദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് മെഡിക്കൽ കോളജിലെത്തുന്നത്.
ഈ രോഗാവസ്ഥയിൽ രണ്ടു ചികിത്സയാണ് നൽകുക. രക്തം കട്ടപിടിച്ചത് അലിയിക്കുന്ന ലൈറ്റിക് തെറാപ്പി, പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്നിവയാണ് അവ. ലൈറ്റിക് തെറാപ്പി നെഞ്ചുവേദന തുടങ്ങി 12 മണിക്കൂറിനകം ചെയ്യണം.
നെഞ്ചുവേദന ആരംഭിച്ച് 24 മണിക്കൂറിനകമാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ രണ്ടു ചികിത്സകളും നൽകാൻ കഴിഞ്ഞില്ല.രോഗിയെ കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും മറ്റ് മരുന്നുകൾ നൽകുകയും ചെയ്‌തു. ക്രമേണ രോഗിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായി.
എന്നാൽ അഞ്ചാം തീയതി വൈകീട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഉടൻ തന്നെ വെന്റിലേറ്റലിലാക്കിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു.കൊടുക്കാൻ കഴിയാവുന്ന എല്ലാ മികച്ച ചികിത്സയും വേണുവിന് നൽകിയിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയാണ് മെഡിക്കൽ കോളജിൽ നൽകുന്നത്.
24 മണിക്കൂർ കഴിഞ്ഞ് വന്നിട്ട് ആൻജിയോപ്ലാസ്റ്റി ചെയ്‌തില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. ഹൃദയാഘാതം മരണത്തിന്റെ ഒരു പ്രധാന കാരണമാണ്.
ഹൃദയാഘാതം ഉണ്ടായാൽ എന്തു ചികിത്സ നൽകിയാലും 10 മുതൽ 20 ശതമാനം ആളുകൾ മരിക്കുമെന്നും ഡോക്ടർ മാത്യു ഐപ്പ് വ്യക്തമാക്കി. മരിച്ച രോഗിക്ക് വേണ്ട എല്ലാ ചികിത്സയും നൽകിയെന്നാണ് തന്റെ ഉത്തമ വിശ്വാസമെന്നും ഡോക്ടർ മാത്യു ഐപ്പ് കൂട്ടിച്ചേർത്തു.













