ജാതിവിവേചനം തിരികെ കൊണ്ടുവരാനുള്ളആർ എസ് എസ് സംഘപരിവാർനീക്കങ്ങളെചെറുത്തുതോൽപ്പിക്കും : കെ എസ് കെ ടി യു
Keralanewsmedia
ജാതിവിവേചനം തിരികെ കൊണ്ടുവരാനുള്ളആർ എസ് എസ് സംഘപരിവാർനീക്കങ്ങളെചെറുത്തുതോൽപ്പിക്കും : കെ എസ് കെ ടി യു
തിരുവനന്തപുരം : കേരളസമൂഹത്തിൽ നിന്ന് ഇല്ലായ്മചെയ്ത ജാതിജീർണതകളെ തിരികെ കൊണ്ടുവരാനുള്ള ആർ എസ് എസ് – ബി ജെ പി സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് കേരള സർവ്വകലാശാലയിലെ ഡീൻ സി എൻ വിജയകുമാരിയടക്കമുള്ളവർ ജാതിക്കോമരങ്ങളായി ഉറഞ്ഞുതുള്ളുന്നതെന്നും കേരളത്തിന്റെ പുരോഗമന മൂല്യങ്ങളെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന അജണ്ടയുടെ ഭാഗമായി പാവപ്പെട്ട വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിച്ചാൽ കൈയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കർഷക തൊഴിലാളി കുടുംബത്തിലുള്ള സംസ്കൃത ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ച ഡീൻ കടുത്ത സംഘപരിവാറുകാരിയാണ്. ജാതിയും മതവും നോക്കി വിദ്യാർഥികളെ തരംതിരിച്ച് പരിഗണിക്കുകയും അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് സംഘപരിവാർ ഗൂഡസംഘം കേരളത്തിലെ സർവ്വകലാശാലകളിൽ വളർത്തിയെടുക്കുന്നത്. ഇത് കേരളം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യത്തിനും മതനിപേക്ഷതയ്ക്കും പോറലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സർവ്വകലാശാലയിൽ സംഘപരിവാറിന് വിടുപണി ചെയ്തുകൊടുത്തതിനാലാണ് ജാതിഭ്രാന്തിയായ വിജയകുമാരി പല സ്ഥാനമാനങ്ങളും നേടിയെടുത്തത്. സംസ്കൃതം പഠിക്കാൻ സവർണർക്ക് മാത്രമേ യോഗ്യതയുള്ളു എന്ന ബ്രാഹ്മണത്വത്തിന്റെ ശബ്ദമാണ് വിജയകുമാരിൽ നിന്ന് മുഴങ്ങുന്നത്. സമൂഹത്തിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ, വിദ്യാർഥികളിൽ വേർതിരിവുണ്ടാക്കുന്ന വിധത്തിൽ, ജാതിമത ഭ്രാന്തുകൾ പുറത്തെടുക്കുന്നവരെ കൂട്ടിചേർത്ത് സർവ്വകലാശാലകളിൽ ഗൂഢസംഘമുണ്ടാക്കുകയും ജാതിജീർണതകൾ അടിച്ചേൽപ്പിക്കുകയും പാവപ്പെട്ട വിദ്യാർഥികളുടെ പഠനം മുടക്കാൻ ശ്രമിക്കുകയുമാണ് ആർ എസ് എസ് – ബി ജെ പി സംഘപരിവാരം. അത് പുരോഗമന കേരളത്തിന് വെല്ലുവിളിയുണ്ടാക്കുന്ന നീക്കമാണ്.
സർവ്വകലാശാലകളിൽ ഇത്തരം മനുഷ്യത്വഹീനമായ നടപടികൾ അരങ്ങേറുമ്പോൾ, സംഘപരിവാറുകാർ നൽകുന്ന പാതിവെന്ത വാർത്തകൾക്ക് അച്ചടിമഷി പുരട്ടുന്നത് മാധ്യമ നൈതികതയ്ക്ക് ചേർന്നതല്ല. കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട കുടുംങ്ങളിലുള്ളവരോട് എന്തുമാവാമെന്ന ജൻമിത്വ-ഭൂപ്രഭുത്വത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റേയും ധാർഷ്ട്യത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് കെ എസ് കെ ടി യു ഭാരവാഹികൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.













