ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം; ട്രാഫിക് സിഗ്‌നലിൽ കാർ പൊട്ടിത്തെറിച്ചു, 13പേർ കൊല്ലപ്പെട്ടു; നടന്നത് ഭീകരാക്രമണമെന്ന് സൂചന, ഒരാൾ കസ്റ്റഡിയിൽ
Keralanewsmedia
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം; ട്രാഫിക് സിഗ്‌നലിൽ കാർ പൊട്ടിത്തെറിച്ചു, 13പേർ കൊല്ലപ്പെട്ടു; നടന്നത് ഭീകരാക്രമണമെന്ന് സൂചന, ഒരാൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: രാജ്യത്തെ നടുക്കി, ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം. ശക്തമായ സ്ഫോടനത്തിൽ പതിമൂന്നു പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വൈകുന്നേരം 6.52ന് രണ്ട് ഐ ട്വന്റി കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു. സ്ഫോടനത്തെത്തുടർന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ലാൽ ക്വില മെട്രോ സ്റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട ട്രാഫിക് സിഗ്‌നലിന് സമീപം സാവധാനം നീങ്ങിയ കാറുകളാണ് പൊട്ടിത്തെറിച്ചതെന്ന് ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച പറഞ്ഞു.ഇന്ന് വൈകുന്നേരം 6.52 ഓടെ, റെഡ് സിഗ്‌നലിൽ സാവധാനം നീങ്ങിയ വാഹനത്തിൽ സ്ഫോടനം ഉണ്ടായി. അകത്ത് യാത്രക്കാരുണ്ടായിരുന്നു. മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി.
എല്ലാ ഏജൻസികളും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മരണം സംഭവിച്ചു. കുറച്ച് പേർക്ക് പരിക്കേറ്റു' അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. വാഹനങ്ങളുംകാൽനടയാത്രക്കാരും നിറഞ്ഞ പ്രദേശമായിരുന്നു.
ഡൽഹി ക്രൈംബ്രാഞ്ചിൽനിന്നും സ്പെഷൽ ബ്രാഞ്ചിൽനിന്നുമുള്ള സംഘങ്ങൾ വൈകുന്നേരം 7.02 ഓടെ സ്ഥലത്തെത്തിയതായി കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീ അരമണിക്കൂറിനുള്ളിൽ നിയന്ത്രണവിധേയമാക്കി.
ഹരിയാന രജിസ്ട്രഷനിലുള്ള കാർ
പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനിലുള്ള കാർ ആണെന്നു തിരിച്ചറിഞ്ഞു. കാറിൻ്റെ ഉടമസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാൽ, കാർ താൻ വിറ്റുവെന്നാണ് ഇയാൾ പറയുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുന്നു. ഹരിയാനയിലേക്ക് സ്പെഷൽ സെൽ അന്വേഷണ ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്. എൻഐഎയും ഹരിയാനയിലേക്കു പോകും.
ദൃക്സാക്ഷികൾ പറയുന്നത്...
'ഒരാളുടെ ശരീരം കഷണങ്ങളായി ചിന്നിച്ചിതറി. ശക്തമായ സ്ഫോടനമാണു സംഭവിച്ചത്. പൊട്ടിത്തെറിച്ച വാഹനത്തിൽ ഒന്നിൽക്കൂടുതൽ ആളുകളുണ്ടായിരുന്നു. സ്ഫോടനത്തിൽ ഇരുപത്തിരണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾസംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ പറഞ്ഞു.
സംഭവത്തെത്തുടർന്ന് അയൽസംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും മുംബൈയിലും അതീവ ജാഗ്രതാനിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും
ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അമിത് ഷാ സംഭവസ്ഥലത്ത്
സ്ഫോടനമുണ്ടായ ഉടൻതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡൽഹി പോലീസ്, ഇന്റലിജൻസ് ബ്യൂറോ, ദേശീയ അന്വേഷണഏജൻസി (എൻഐഎ) എന്നിവയിൽനിന്ന് വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന അമിത് ഷായിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി.
ഡൽഹിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണു സ്ഫോടനം നടന്നത്.













