ശബരിമലയിലും പമ്പയിലും പ്രധാന ദൗത്യങ്ങൾ ഏൽപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ശബരിമലയിലും പമ്പയിലും പ്രധാന ദൗത്യങ്ങൾ ഏൽപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മണ്ഡല-മകരവിളക്ക്സീസണിൽ ശബരിമല സന്നിധാനത്തെ പൊലീസ് കൺട്രോളറായി നിയോഗിച്ച ആർ കൃഷ്ണകുമാറിന്റെ സർവീസ് വിവരങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി.

കൂടാതെ ശബരിമലയിലും പമ്പയിലും പ്രധാന ദൗത്യങ്ങൾ ഏൽപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും സമർപ്പിക്കണം.

രണ്ടു വർഷത്തിലധികം തുടർച്ചയായി ഇവിടെ പ്രവർത്തിച്ചവരുടെ പട്ടികയും നൽകണമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്ററായ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയോട് നിർദേശിച്ചു.

പൊലീസ് കൺട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദേശം.

കെഎപി -1 ബറ്റാലിയനിലെ എസ്ഐയാണ് ആർ കൃഷ്ണ‌കുമാർ. ഇദ്ദേഹത്തിന് മുമ്പ് സന്നിധാനത്ത് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥൻ 20 വർഷം തുടർച്ചയായി അവിടെ പ്രവർത്തിച്ചിരുന്നു.

ഇത്തരം സാഹചര്യം സുതാര്യതയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് പൊലീസ് കോ-ഓർഡിനേറ്ററെ ഹർജിയിൽ കക്ഷിചേർത്തു. വിഷയം 14ന് വീണ്ടും പരിഗണിക്കും.