എച്ച്.എം.ടി ജംഗ്ഷൻ-എൻ.എ.ഡി തൊരപ്പ് റോഡിന് പുതുജീവൻ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം :എച്ച്.എം.ടി ജംഗ്ഷൻ-എൻ.എ.ഡി തൊരപ്പ് റോഡിന് പുതുജീവനേകിക്കൊണ്ട് 17.68 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കായി ഇന്ന് രാവിലെ സംസ്ഥാന സർക്കാർ പുതുക്കിയ ഭരണാനുമതി നൽകി. ഏറെക്കാലമായി കുണ്ടും കുഴിയും നിറഞ്ഞ് യാത്രാ ദുരിതം സൃഷ്ടിച്ച എച്ച്എംടി ജംഗ്ഷൻ - എൻഎഡി തൊരപ്പ് റോഡിൻ്റെ നിർമ്മാണത്തിനൊപ്പം ചുറ്റുമതിൽ നിർമ്മാണം, വൈദ്യുതി - ടെലഫോൺ പോസ്റ്റുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കൽ എന്നിവക്കായി നേരത്തെ അനുവദിച്ച തുക വർധിപ്പിച്ചാണ് പുതുക്കിയ ഭരണാനുമതി നൽകിയത്. കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ ഉടമസ്ഥതയിലായിരുന്ന റോഡ് ഇതോടെ ആധുനിക നിലവാരത്തിൽ നവീകരിക്കാൻ വഴിയൊരുങ്ങി.
സീപോർട്ട്-എയർപോർട്ട് റോഡ് നിർമ്മാണത്തിന് എൻ.എ.ഡിയുടെ സ്ഥലം ലഭ്യമാക്കുന്നതിനായി ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ ഭാഗമായാണ് എച്ച്എംടി ജംഗ്ഷൻ-തൊരപ്പ് റോഡ് സംസ്ഥാന സർക്കാർ പണമനുവദിച്ച് നവീകരിക്കുന്നത്. റോഡ് പ്രതിരോധ വകുപ്പിൻ്റേതായതിനാൽ പരിപാലനവും എൻഎഡി ചെയ്യേണ്ടതായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നിലച്ചതോടെ റോഡിലൂടെയുള്ള യാത്ര തീരാ ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പണമനുവദിച്ച് ആധുനിക നിലവാരത്തിൽ റോഡ് നവീകരിക്കാൻ ധാരണയായത്. സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണത്തിന് എൻഎഡിയുടെ 2.4967 ഹെക്ടർ ഭൂമി 23.11 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ലഭ്യമാക്കിയത്. ഇതിനൊപ്പമാണ് തൊരപ്പ് റോഡ് നിർമ്മാണവും സംസ്ഥാനം ഏറ്റെടുത്തത്.
പുതുക്കിയ ഭരണാനുമതി അനുസരിച്ച് എച്ച്.എം.ടി ജംഗ്ഷൻ തൊരപ്പ് റോഡിന് 15.97 കോടി രൂപയാണ് അനുവദിച്ചത്. 5.5 മീറ്റർ വീതിയിൽ വീതി കൂട്ടി റോഡ് പുനർനിർമ്മിക്കുന്നതിന് 8.16 കോടിയാണ് നേരത്തെ അനുവദിച്ചിരുന്നത്. പുതിയ നിരക്കുകൾ പ്രകാരമുള്ള വർധനവും സംസ്ഥാന സർക്കാർ അനുവദിച്ചു. ചുറ്റുമതിൽ നിർമ്മാണത്തിന് നേരഞ്ഞെ അനുവദിച്ചിരുന്ന 99.43 ലക്ഷം രൂപ 1.28 കോടിയായി ഉയർത്തി. തുക വർധിപ്പിച്ച് പുതുക്കിയ ഭരണാനുമതി നൽകിയതോടെ ഈ റോഡ് ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് യാത്രക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമാകുകയാണ്.
പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി













