നിയന്ത്രണങ്ങൾ പരാജയമായി. ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക്. അപ്പാച്ചി മേട്ടിൽ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. കേന്ദ്രസേനകൾ എത്തിയില്ല. പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തർ മടങ്ങുന്നു. ദർശനസമയം കൂടിയിട്ടും ഭക്തർ ക്യൂ നിൽക്കുന്നത് മണിക്കൂറുകളോളം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

നിയന്ത്രണങ്ങൾ പരാജയമായി. ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക്. അപ്പാച്ചി മേട്ടിൽ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. കേന്ദ്രസേനകൾ എത്തിയില്ല. പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തർ മടങ്ങുന്നു. ദർശനസമയം കൂടിയിട്ടും ഭക്തർ ക്യൂ നിൽക്കുന്നത് മണിക്കൂറുകളോളം
സതി (58)

തിരുവനന്തപുരം:മണ്ഡലകാലത്തിൻ്റെ തുടക്കത്തിൽ തന്നെ ശബരിമലയിൽ അനുഭവപ്പെടുത്തത് വൻ ഭക്തജനത്തിരക്ക്. ഒരു ലക്ഷത്തി ഏഴായിരം പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഇതിന് പുറമേയുള്ള തൽസമയ ബുക്കിംഗ് നിയന്ത്രണങ്ങളുടെ താളം തെറ്റിച്ചു.20000 പേർക്കായിരുന്നു തൽസമയ ബുക്കിംഗ് അനുവദിച്ചിരുന്നത്. ഇരട്ടിയിലധികം പേർ തത്സമയ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്.

സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും ഇനി മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.

ഇതിനിടെ ദർശനത്തിന് വന്ന ഭക്ത കുഴഞ്ഞ് വീണു മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.15 മണിക്കൂറായി വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തർ ക്യു നിൽക്കുന്ന അവസ്ഥയിലാണുള്ളത്. മരക്കൂട്ടം മുതൽ ക്യൂ നിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളമെന്ന് ഭക്തർ പറഞ്ഞു.

നിലവിൽ പമ്പയിൽ നിന്ന് ഗണപതി ക്ഷേത്രത്തിലേക്കുള്ള ഫ്ലൈ ഓവറിലേക്ക് ഭക്തരെ കടത്തി വിടുന്നില്ല. പമ്പാനടപ്പന്തലിൽ ഒരു സെക്ഷനിൽ 30 മിനിറ്റോളമാണ് ഭക്തർക്ക് നിൽക്കേണ്ടി വരുന്നത്. ഒരു ദിവസം ശബരിമലയിൽ ദർശനത്തിന് 90000 തീർത്ഥാടകർക്കാണ് കോടതിഅനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഇതിനുമപ്പുറം ഭക്തരാണ് ദർശനത്തിനെത്തുന്നത്.

മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് കേന്ദ്രം തെറ്റിച്ചുവെന്നും വാദമുണ്ട്. കേന്ദ്രസേനകളെ ശബരിമയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന്കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ കേന്ദ്രം നടപടി എടുത്തിട്ടില്ല.

തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. നിലവിലെസാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ശബരിമല ദർശനം ലഭിക്കാതെ നിരവധി ഭക്തർ ഇന്ന് രാവിലെ മുതൽ പന്തളം വലിയ കോയിക്കൽ ക്ഷേത്ര ത്തിൽ എത്തി ദർശനം നടത്തി മടങ്ങി. ബാംഗ്ലൂർ സേലം തുടങ്ങിയ സ്ഥലത്ത് നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം ശബരിമലയിൽ ക്യൂ നിന്നിട്ടും ദർശനം ലഭിക്കാതെ മടങ്ങിയത്. നിലക്കൽ നിന്നും വാഹന സൗകര്യം ലഭിക്കാതെയും ഭക്തർ പന്തളത്ത് എത്തിയിട്ടുണ്ട്.പന്തളത് എത്തി നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഇവർ നാട്ടിലേക്ക് തിരിച്ചു പോയത്. അതേസമയം നിലയ്ക്കലിൽ കെഎസ്ആർടിസി, പൊലീസ് ക്രമീകരണങ്ങളും താളം തെറ്റിയെന്നും പറയപ്പെടുന്നു. സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്.

മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ

ഏർപ്പെടുത്തിയിട്ടില്ലെന്നും അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണമെന്നും വാദമുണ്ട്.

നിലവിൽ വിർച്വൽ ക്യൂ സംവിധാനം നിലയ്ക്കലിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തമാക്കുന്നത്.