ശബരിമല സ്വർണക്കൊള്ളക്കേസ് ഇവിടെയൊന്നും നിൽക്കില്ല. എലി കയറുന്നെന്ന് കാരണമുണ്ടാക്കി ശ്രീകോവിൽ വാതിൽ പുതുക്കിയതിലൂടെ അടിച്ചുമാറ്റിയത് കോടികളുടെ സ്വർണം. ദൈവതുല്യരായി കാണുന്നവരാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന പത്മകുമാറിന്റെ പരാമർശം നീളുന്നത്തന്ത്രിയിലേക്ക്. മുൻമന്ത്രി കടകംപള്ളിയെ അടുത്തയാഴ്ച ചോദ്യം ചെയ്യും. പോറ്റിയുടെ സ്പോൺസർഷിപ്പ് സ്വീകരിച്ചോയെന്നും അന്വേഷണം
റിപ്പോർട്ട് :സജീവ് ഗോപാലൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അടുത്ത അറസ്റ്റ് ആരുടെ എന്നതിൽ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ച. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന എ.പത്മകുമാർ, എം.വാസു എന്നിവരടക്കം ആറ് ഉന്നതർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘം അടുത്തത് ആരെയാണ് പിടികൂടുക എന്നതിലാണ് ഇനിയുള്ള സസ്പെൻസ്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം അടുത്തയാഴ്‌ച ചോദ്യം ചെയ്യും. പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്ക്.
അതേസമയം, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് ആരോപണമുയരുന്ന രാഷ്ട്രീയ ഉന്നതരെ എസ്.ഐ.ടിപിടികൂടുമോയെന്നാണ് ഇനി അറിയേണ്ടത്.
താൻ ദൈവതുല്യമായി കാണുന്നവരാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് നേരത്തേ പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. തന്ത്രിയിലെ സംശയത്തിലാക്കുന്നതാണ് ഈ പരാമർശമെന്ന് വിലയിരുത്തലുണ്ട്.അതേസമയം, തന്ത്രിയുടെ പങ്ക് നേരത്തേ ദേവസ്വം വിജിലൻസ് അന്വേഷിച്ചിരുന്നതാണ്. സ്വർണപ്പാളികൾ സംബന്ധിച്ച മഹസറിൽ തന്ത്രിയുടെ പേരുണ്ടായിരുന്നു. എന്നാൽ തന്ത്രി ഒപ്പിട്ടില്ലെങ്കിലും പേര് എഴുതിച്ചേർത്തതായാണ് കണ്ടെത്തൽ.
മുരാരിബാബുവടക്കം 7 പേരാണ് മഹസറിലൊപ്പിട്ടതായി രേഖയുള്ളത്. പാളികൾ കൊണ്ടുപോവുന്നതിൽ തന്ത്രി തടസവാദമുന്നയിച്ചതായും സൂചനയുണ്ട്. വിജയ്‌മല്യ സ്വർണംപൊതിഞ്ഞത് വ്യക്തമായി അറിയാവുന്ന തന്ത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.
തന്ത്രിക്ക് ബംഗളുരുവിലെ ചില ക്ഷേത്രങ്ങളുമായുള്ള ബന്ധവും അന്വേഷണപരിധിയിലാണ്. പോറ്റിയുമായി ബന്ധമുള്ള ബാംഗ്ലൂരിലെ രണ്ട് ക്ഷേത്രങ്ങളിലെ തന്ത്രിയാരാണെന്ന് അന്വേഷിക്കണമെന്ന് നേരത്തേ പത്മകുമാർ ആവശ്യപ്പെട്ടിരുന്നതാണ്.പോറ്റിക്കൊപ്പം തന്ത്രിയും പ്രതിയാകേണ്ടതാണെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. എന്നാൽ അതിനു മുൻപ് എല്ലാ തെളിവുകളും ശേഖരിക്കേണ്ടതുണ്ട്.
സ്വർണക്കൊള്ളയ്ക്ക് തന്ത്രി ഒത്താശ ചെയ്തെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.
ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളിൽപ്പെടുന്ന സ്വർണ്ണം, കട്ടിള പാളികൾ തുടങ്ങിയവയൊന്നും ക്ഷേത്രം തന്ത്രിയുടെ അനുമതിയില്ലാതെ പുറത്ത് കൊണ്ടുപോകാൻ കഴിയില്ല.













