*നവമാധ്യമങ്ങള്‍ കര്‍ശനനിരീക്ഷണത്തില്‍ - ജില്ലാ കലക്ടര്‍*

Keralanewsmedia

*നവമാധ്യമങ്ങള്‍ കര്‍ശനനിരീക്ഷണത്തില്‍ - ജില്ലാ കലക്ടര്‍*

PRESS RELEASE 22/11/2025

*നവമാധ്യമങ്ങള്‍ കര്‍ശനനിരീക്ഷണത്തില്‍ - ജില്ലാ കലക്ടര്‍*

മാധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന മീഡിയ റിലേഷന്‍സ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ പെരുമാറ്റചട്ടലംഘനം സ്ഥാനാര്‍ഥികളുടെ അയോഗ്യതയ്ക്ക് ഇടയാക്കുമെന്ന് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ആധുനികശാസ്ത്രസാങ്കേതികവിദ്യയിലൂടെ അപകീര്‍ത്തികരവും ചട്ടവിരുദ്ധവുമായ ഒന്നും പ്രചരിപ്പിക്കരുത്. നിര്‍മിതബുദ്ധിയിലൂടെ തീര്‍ക്കുന്ന പ്രചാരണങ്ങളില്‍ വ്യക്തികളുടെ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ സൈബര്‍ പൊലിസിന് കൈമാറി തെളിവെടുപ്പ് നടത്തി കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പങ്കെടുത്ത പൊതുനിരീക്ഷകന്‍ സബിന്‍ സമീദ് വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളെല്ലാം പ്രത്യേകനിരീക്ഷണത്തിന് വിധേയമാക്കണമെന്ന് നിര്‍ദേശിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയും അഭ്യര്‍ഥിച്ചു.

സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ ഐ ആന്റ് പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, കെ. രാജന്‍ ബാബു, ഇഗ്നേഷ്യസ് പെരേര, ലോ ഓഫീസര്‍ എസ്. അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 3391/2025)

*ചട്ടങ്ങള്‍പാലിച്ചുള്ള തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ നിരീക്ഷകര്‍ രംഗത്ത്*

തിരഞ്ഞെടുപ്പ്ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പൊതുനിരീക്ഷകനും ചിലവ്‌നിരീക്ഷകരും കര്‍മനിരതം. തിരഞ്ഞെടുപ്പ്‌നടത്തിപ്പിന്റെ നിരീക്ഷണവും മേല്‍നോട്ടവുമാണ് പൊതുനിരീക്ഷകന്റെ ചുമതല. ഇതിനായി നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിക്കും. പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച പദ്ധതി തയ്യാറാക്കിയാണ് സന്ദര്‍ശനം. മാതൃകാപെരുമാറ്റചട്ടം നടപ്പിലാക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷന്റെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാലും നടപടി എടുക്കുക പൊതുനിരീക്ഷകനാണ്.  

ചിലവ് നിരീക്ഷണമാണ് ഇതിനായി ചുമതലപ്പെടുത്തിയവര്‍ നിര്‍വഹിക്കുക. നിശ്ചയിച്ചിട്ടുള്ള ചിലവ് പ്രകാരമാണോ തിരഞ്ഞെടുപ്പ് നടപടിക്രമം പുരോഗമിക്കുന്നതെന്ന് ചിലവ് നിരീക്ഷകര്‍ ഉറപ്പ് വരുത്തും. ഓരോസ്ഥാനാര്‍ഥിക്കും ചിലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് 75,000, ജില്ലാ പഞ്ചായത്ത് 1,50,000, മുനിസിപ്പാലിറ്റികള്‍ 75,000, കോര്‍പ്പറേഷന്‍ 1,50,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

സ്ഥാനാര്‍ത്ഥികള്‍ ചിലവ്കണക്കുകള്‍ സൂക്ഷിക്കാതിരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. ചിലവ് നിരീക്ഷകര്‍ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിശദവിവരങ്ങള്‍ വരണാധികാരികളുമായി ചേര്‍ന്നാണ് ശേഖരിക്കുന്നത്.

  (പി.ആര്‍.കെ നമ്പര്‍ 3392/2025)

*എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോം സ്വീകരണ കേന്ദ്രങ്ങള്‍*

ഇരവിപുരം നിയോജക മണ്ഡലത്തിലെ 111-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ ജി.വി.എച്ച്.എച്ച്.എസ്, വാളത്തുംഗല്‍ ഗേള്‍സ് സ്‌കൂളില്‍ നവംബര്‍ 23നും, 99, 101 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള ഫോമുകള്‍ ഇരവിപുരം തട്ടാമല ജി.വി.എച്ച്.എസ്.എസ്, 110-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ വാളത്തുംഗല്‍ കെ.ജി.എം ലൈബ്രറിയിലും നവംബര്‍ 24ന് രാവിലെ 10 മുതല്‍ തിരികെ വാങ്ങും.

  (പി.ആര്‍.കെ നമ്പര്‍ 3393/2025)

*സെമിനാര്‍*

ആന്റിമൈക്രോബിയല്‍ പ്രതിരോധത്തെക്കുറിച്ച് ആരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ ശശി, വെറ്ററിനറി സര്‍ജന്‍ ഡോ. ആര്യ സുലോചനന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജി. രമ ഉണ്ണിത്താന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഷീബ പി.ബേബി, ആരോഗ്യവിദഗ്ധര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 3394/2025)