കരുംകുളത്ത് കളം നിറഞ്ഞ് റിബലുകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കരുംകുളത്ത് കളം നിറഞ്ഞ് റിബലുകൾ .
പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർത്ഥിനിർണ്ണയം പൂർത്തീകരിച്ചതോടെ പ്രമുഖ മുന്നണികൾക്ക് തല വേദനയായി റിബലുകൾ കളം നിറയുന്നു. 19 വാർഡുകളുള്ള പഞ്ചായത്തിൽ മുന്നണി സ്ഥാനാർഥികളെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് റിബൽ സ്ഥാനാർത്ഥികൾ. 9 വാർഡുകളിൽ ശക്തമായ കോൺഗ്രസ് റിബൽ സാന്നിധ്യം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വലന്റീന ജോർജ് (മുഹമ്മദൻ എൽപി സ്കൂൾ,മുൻ സ്ഥാനാർഥി),തോമസ് യേശുദാസ് (പാമ്പുകാല,കോൺഗ്രസ് വാർഡ് പ്രസിഡന്റ് ),സരസൻ ദാസൻ ( കരുംകുളം, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്),ക്ലീറ്റസ് യേശുദാസൻ (കൊച്ചുതുറ ,കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറ് ),എഫ്.ലോറൻസ് (പള്ളം, കോൺഗ്രസ് മുൻ സ്ഥാനാർത്ഥി), മൈക്കിൾ തദയൂസ് (പ്രസാദ്, ഇരയിമ്മൻതുറ),ജെ ആൻ്റണി (പുല്ലുവിള,എക്സ് സർവീസ് കോൺഗ്രസ് ജില്ലാ ചെയർമാൻ),ജെസ്സി സിൽവദാസ് (കൊച്ചുപള്ളി),ബിജോയ് (നമ്പ്യാതി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്) എന്നിവരാണ് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥികൾ. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അവഗണിക്കപ്പെട്ടു. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരെ സ്ഥാനാർഥികളാക്കി. നേതൃത്വത്തിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സേവ് കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് മത്സരിക്കുന്നതെന്ന് റിബൽ സ്ഥാനാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രന്റെ പിൻബലത്തിൽ ഭരണം നേടിയത് എൽ.ഡി.എഫ് ആയിരുന്നു. മൂന്ന് വർഷം പിന്നിട്ടപ്പോൾ സിപിഎം കാരനായ ഒരു അംഗം കൂറുമാറുകയും, സ്വതന്ത്രൻ യുഡിഎഫ് ന് പിന്തുണ നൽകുകയും ചെയ്തതോടെ യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയും ഫ്രീഡാ സൈമൺ പ്രസിഡൻറ് ആവുകയും ചെയ്തു.ഭരണം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ സിപിഎമ്മും അണിയറ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോൾ റിബലുകളുടെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്.













