*ആനന്ദ് കെ തമ്പിയുടെ അമ്മ ശാന്ത ടീച്ചർ അന്തരിച്ചു*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ആനന്ദ് കെ തമ്പിയുടെ അമ്മ ശാന്ത ടീച്ചർ അന്തരിച്ചു*
*തിരുവനന്തപുരം:* തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ അമ്മ ശാന്ത ടീച്ചർ അന്തരിച്ചു. ആനന്ദിൻ്റെ ആത്മഹത്യയിൽ കടുത്ത മാനസീക ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ഇവർ. കടുത്ത പനിമൂലം പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രശാന്ത് കെ തമ്പി പരേതനായ ആനന്ദ് കെ തമ്പി എന്നിവരാണ് മക്കൾ. കേശവൻ തമ്പിയാണ് ഭർത്താവ്.
ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. തനിക്ക് പകരം തൃക്കണ്ണാപുരം വാർഡിൽ ബിജെപി- ആർഎസ്എസ് പ്രാദേശിക നേതൃത്വം മണ്ണ് മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക നേതാക്കളുടെ പേര് പരാമർശിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ആത്മഹത്യ കുറിപ്പ്.
വാട്സാപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ് തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡിൽ ആനന്ദിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അതേസമയം, ആനന്ദിന് ബിജെപി ബന്ധമില്ലെന്ന ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷിന്റെ പരാമർശവും വലിയ വിമര്‍ശനമുയര്‍ത്തി. ആത്മഹത്യക്ക് പിന്നാലെ ആനന്ദിനെ സുരേഷ് തള്ളിപ്പറഞ്ഞിരുന്നു . ഇതിനെതിരായായിരുന്നു ആർഎസ്എസ് വിമര്‍ശനം
രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് സുരേഷ് കാണിച്ചുതന്നുവെന്ന് സുരേഷിനെതിരെ വിമർശനമുന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ശാസ്തമംഗലം മണ്ഡൽ കാര്യവാഹ് അഖിൽ മനോഹര്‍ കുറിച്ചു.













