*വായനശാല കേശവപിള്ള അവാർഡ് പ്രൊഫസർ അലിയാർക്ക്*.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*വായനശാല കേശവപിള്ള അവാർഡ് പ്രൊഫസർ അലിയാർക്ക്*.
*പുരസ്‌കാരം നാളെ (ഡിസംബർ 11) തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ സമ്മാനിക്കും*
മലയാള നാടക വേദിക്കു നൽകിയിട്ടുള്ള സമഗ്ര സംഭാവനകളെ ആധാരമാക്കി തിരുവനന്തപുരം വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല നൽകി വരുന്ന 15000 രൂപയും ശില്പവും അടങ്ങുന്ന "വായനശാല കേശവപിള്ള അവാർഡിന് പ്രൊഫസർ അലിയാർ അർഹനായി.
നാളെ (ഡിസംബർ 11വ്യാഴാഴ്‌ച) വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന വായനശാലയുടെ 111-ആമത് വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അലിയാർക്ക് പുരസ്കാരം സമർപ്പിക്കും.
ഗ്രന്ഥശാലാ പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായ ആർ. രാമചന്ദ്രൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
നിർവാഹക സമിതി അംഗം എസ് . രാധാകൃഷ്ണൻ, ഭാരത് ഭവൻ സെക്രട്ടറി ഡോക്ടർ പ്രമോദ് പയ്യന്നൂർ , ഡോക്ടർ. എം. ജി. ശശിഭൂഷൺ, പത്ര പ്രവർത്തകനായ പി. ശ്രീകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി കെ.പി.സതീഷ് എന്നിവർ പങ്കെടുക്കും.
തുടർന്ന് ഡോക്ടർ ആരോമൽ രചിച്ച് , ഡോക്ടർ രാജാ വാരിയർ സംവിധാനം ചെയ്ത "തസ്കര ചരിതം" എന്ന നാടകം അരങ്ങേറും.
*പ്രൊഫസർ അലിയാറിനെക്കുറിച്ച്*:
നാടക കലാ മർമ്മജ്ഞൻ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ നിത്യ സാന്നിധ്യം, അദ്ധ്യാപകൻ, പ്രഭാഷകൻ, എന്നിങ്ങനെ ബഹുമുഖപ്രതിഭയായ പ്രൊഫ : അലിയാർ നിരവധി സംസ്‌ഥാന ദേശീയ പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്.
നല്ല നടനുള്ള പി.കെ. വിക്രമൻ നായർ ട്രോഫി ലഭിച്ചിട്ടുണ്ട്.
സംഗീത നാടക അക്കാദമി സംഘടിപ്പിച്ചിട്ടുള്ള നാടകക്കളരികളിൽ ആദ്യ കാലം മുതലേ പരിശീലകൻ ആയിരുന്നു.
2006 മുതൽ 2011 വരെ കേരള സംഗീത നാടക അക്കാദമി അംഗം, 2009 മുതൽ 2013 വരെ കേന്ദ്ര സംഗീത നാടക അക്കാദമി ഭരണ സമിതി അംഗം, കേരള സർവകലാശാലയുടെ വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്സ് സെന്ററിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാന് തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.
ഒൻപതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനനം 1947. സ്‌ഥലം കൊട്ടാരക്കര താലൂക്കിലെ വെളിയം . തിരുവനന്തപുരം സംസ്‌കൃത കോളേജ്, മലപ്പുറം ഗവണ്മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുടങ്ങിയ വിഖ്യാത കലാലയങ്ങളിൽ അധ്യാപകനായിരുന്നു.













