ധനകാര്യ കമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ഔദാര്യമല്ല; ഭരണഘടനാപരമായുള്ള സംസ്ഥാനങ്ങളുടെ അവകാശം’: അമിത് ഷായുടെ പ്രസ്താവനയെ ഖണ്ഡിച്ച് മുഖ്യമന്ത്രി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ധനകാര്യ കമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ഔദാര്യമല്ല; ഭരണഘടനാപരമായുള്ള സംസ്ഥാനങ്ങളുടെ അവകാശം’: അമിത് ഷായുടെ പ്രസ്താവനയെ ഖണ്ഡിച്ച് മുഖ്യമന്ത്രി

മോദി സർക്കാരിൻ്റെ കാലത്ത് കേരളത്തിന് മുൻ കാലങ്ങളെക്കാൾ വലിയ തോതിൽ വിഹിതം നൽകി എന്ന കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാളയം രക്ഷിസാക്ഷി മണ്ഡപത്തിൽ നടന്ന എൽഡിഎഫ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം അമിത് ഷായുടെ പരാമർശങ്ങളെ എതിർത്ത് കണക്കുകൾ നിരത്തിയത്. ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല; ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ കമീഷൻ്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ എന്നതാണ് നാം ഉന്നയിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.14 -ാം കമ്മിഷൻ്റെ കാലയളവിൽ 2017-18, 2018-19 എന്നീ വർഷങ്ങളിൽ യഥാക്രമം 16,833 കോടി രൂപയും 19,038 കോടി രൂപയും 15 -ാം കമ്മിഷൻ്റെ കാലയളവിൽ 2020-21 ൽ 11,560 കോടി രൂപയുമാണ് കേരളത്തിന് ലഭ്യമായത്. 2021-22, 2022-23 എന്നീ വർഷങ്ങളിൽ 17,890 കോടി രൂപയും 18,961 കോടി രൂപയും ആണ് ലഭിച്ചത്. അതായത് മുൻ കമ്മിഷൻറെ കാലയളവിനെക്കാൾ നികുതി വിഹിതം കുറയുകയാണ് ഉണ്ടായത്. ഇത് ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത കുറവ് വരുത്തലാണ്. ഇവിടെ മനസ്സിലാക്കേണ്ട കാര്യം, 15 -ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൻ്റെ പ്രധാനപങ്കും റവന്യുക്കമ്മി നികത്താനുള്ള പ്രത്യേക ധനസഹായമായ റവന്യു കമ്മി ഗ്രാൻ്റാണ് എന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

15 -ാം ധനകാര്യ കമ്മീഷനെ നിയമിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ പരിഗണനാ വിഷയങ്ങളിൽ പ്രത്യേകം എടുത്തു പറഞ്ഞ ഒരു കാര്യം റവന്യുക്കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക ഗ്രാൻറ് നൽകേണ്ടതില്ല എന്നാണ്. ഇതിനെ കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും എതിർത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ തികച്ചും വിവേചനപരമായ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനമുൾപ്പെടെ കേരളം വിളിച്ചു കൂട്ടി. ഒടുവിൽ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനു കമ്മീഷന് വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഈ കാലയളവിൽ റവന്യു കമ്മി ഗ്രാൻറ് കേരളത്തിന് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.