*ബിജെപി ടിക്കറ്റില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച*
Keralanewsmedia
*ബിജെപി ടിക്കറ്റില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച*
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാൻ ബിജെപി നീക്കം.
തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ സീറ്റില്‍ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരൻ- കഴക്കൂട്ടം, കെ. സുരേന്ദ്രൻ- വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രൻ- കായംകുളം, കുമ്മനം രാജശേഖരൻ- ആറന്മുള, ഷോണ് ജോർജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല, ജെ.ആർ. പത്മകുമാർ- കാട്ടാക്കട തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം സീറ്റില്‍ പരിഗണിച്ചിരുന്ന ചെങ്കല്‍ രാജശേഖരനേക്കാള്‍ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചർച്ച നടത്തിയിട്ടുണ്ട്. പാലായില്‍ ഷോണ് മത്സരിക്കുന്പോള്‍ പൂഞ്ഞാറില്‍ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്നതില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.
ബിഡിജെഎസിനു കഴിഞ്ഞതവണ നല്‍കിയ ചില സീറ്റുകള്‍ ബിജെപി ഏറ്റെടുക്കുകയോ വച്ചുമാറുകയോ ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുൻ എംഎല്‍എ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുമായി ബിജെപി നേതൃത്വം ചർച്ച തുടരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എൻഡിഎ മുന്നണിയോടു സഹകരിക്കാൻ സാധ്യതയുള്ളവരുമായും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നാളെ ഡല്‍ഹിയില്‍ ചർച്ച നടക്കുക. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ചർച്ചകള്‍ക്കായെത്തും.
ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചർച്ചയ്ക്കു തൊട്ടുപിന്നാലെതന്നെ ജയസാധ്യതയുള്ള പ്രധാന സീറ്റുകളിലെ എൻഡിഎ സ്ഥാനാർഥികള്‍ പ്രചാരണം തുടങ്ങാനാണു തീരുമാനം. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളേക്കാള്‍ ഒരു പടി മുന്നിലെത്താനും 16 മുതല്‍ 20 വരെ സീറ്റുകളില്‍ ജയത്തിനായി പോരാടാനുമാണ് ബിജെപി തന്ത്രം













