മണിയാര്‍ ടൂറിസം പദ്ധതി ജില്ലയ്ക്ക് മുതല്‍ക്കൂട്ട് : മന്ത്രി മുഹമ്മദ് റിയാസ്*
റിപ്പോട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*മണിയാര്‍ ടൂറിസം പദ്ധതി ജില്ലയ്ക്ക് മുതല്‍ക്കൂട്ട് : മന്ത്രി മുഹമ്മദ് റിയാസ്*
മണിയാര്‍ ടൂറിസം പദ്ധതി ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പമ്പാ റിവര്‍വാലി ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടമായി മണിയാര്‍ ഡാമിനോട് ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റാന്നി മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പദ്ധതിക്ക് സാധിക്കും
അഞ്ചു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന നടപ്പാതയും കഫറ്റീരിയയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. കോവിഡ് മഹാമാരിയില്‍ തകര്‍ന്ന ടൂറിസം മേഖല ഇപ്പോള്‍ കരുത്തോടെ മുന്നേറുകയാണ്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായി. 2024ലെ കണക്ക് പ്രകാരം രണ്ടേകാല്‍ കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. വരുമാനത്തിലും റെക്കോഡ് നേട്ടം ഉണ്ടായി. നിര്‍മിതികളിലും പദ്ധതികളിലും പ്രത്യേക രൂപകല്‍പന നയം ആദ്യമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. രൂപകല്‍പന നയത്തിന്റെ ഭാഗമായി കൊല്ലം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ആരംഭിച്ച വി പാര്‍ക്ക് ജനകീയമായി. ഹെലി, സിനി, ലിറ്റററി സര്‍ക്യൂട്ട്, ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്, ബീച്ച്, കാരവാന്‍ തുടങ്ങി നൂതനമായ ഒട്ടനവധി ടൂറിസം പദ്ധതികള്‍ ആരംഭിച്ചു.
ജനകീയ പദ്ധതിയായ ഉത്തരവാദിത്ത ടൂറിസം ലോക വിനോദസഞ്ചാരത്തിന് മാതൃകയായി. ബേപ്പൂര്‍ ഉള്‍പ്പെടെ മലബാറില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി ദേശീയതലത്തില്‍ അംഗീകാരം നേടി. കേരള വിനോദസഞ്ചാര മേഖല അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു.
ഡാമിന്റെ സൗന്ദര്യം കണ്ടറിയാന്‍ കഴിയുന്ന രീതിയിലുള്ള നടപ്പാത, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, കഫറ്റീരിയ എന്നിവ ഉള്‍പ്പടെ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ പദ്ധതി നടപ്പാക്കുമെന്ന് അധ്യക്ഷനായ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
മണിയാര്‍ ഫാക്ടറി പടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, വൈസ് പ്രസിഡന്റ് ഒ. എന്‍. യശോധരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കോമളം അനുരുദ്ധന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ റ്റി. പി. സൈനബ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













