53 ലക്ഷം ഭക്തർ വരുന്നിടത്ത് 1000 ശുചിമുറികളോ? ശുചിമുറികൾ വർധിപ്പിക്കണം: മണ്ഡലകാല ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ

53 ലക്ഷം ഭക്തർ വരുന്നിടത്ത് 1000 ശുചിമുറികളോ? ശുചിമുറികൾ വർധിപ്പിക്കണം: മണ്ഡലകാല ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം

കൊച്ചി: ശബരിമല മണ്ഡലകാലത്തിൻ്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്.ഭക്തർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും, ശുചിമുറികൾ വർധിപ്പിക്കണമെന്നുമാണ് നിർദേശം.

മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം.

ശുചിമുറികളുടെ എണ്ണത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

53 ലക്ഷം ഭക്തർ വരുന്നിടത്ത് 1000 ശുചിമുറികൾ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അടുത്ത സീസണിലെങ്കിലും ഇത് വർധിപ്പിക്കാൻ നടപടി വേണമെന്ന് നിർദ്ദേശിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിൽ ക്യൂവിന്റെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു.

16ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. വെർച്ചൽ ക്യൂ ബുക്കിങ്ങിനു പുറമേ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ഇത്തവണ ദിവസവും ദർശന സൗകര്യമൊരുക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തത്സമയ ബുക്കിങ് കൗണ്ടറുകളും തുറക്കും.സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുന്‌പ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും ദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.

സന്നിധാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി സെന്റർ ഭക്തർക്കായി പ്രവർത്തിക്കും.

സന്നിധാനത്തെ ദുർഗന്ധം ഒഴിവാക്കാൻ പ്രത്യേക സംവിധാനവും ഈ സീസണിൽ ഒരുക്കിയിട്ടുണ്ട്.