ചെങ്കോട്ട സ്ഫോടനം: ഭീകരർക്ക് പാകിസ്ഥാനിൽ നിന്നുള്ള ഭീകരസംഘ നേതാവ് ബോംബ് നിർമ്മാണ വീഡിയോകൾ നൽകി. ഡോ. മുസമിൽ ഷക്കീലിന് ബോംബ് നിർമ്മാണ വീഡിയോകൾ കൈമാറിയത് 'ഹൻസുള്ള'
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ആസൂത്രണം നടത്തിയ ഭീകരർക്ക് പാകിസ്ഥാനിൽ നിന്നുള്ള ഭീകരസംഘ നേതാവ് ബോംബ് നിർമ്മാണ വീഡിയോകൾ നൽകിയിരുന്നതായി കണ്ടെത്തൽ.പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരനായ ഹാൻഡർ 'ഹൻസുള്ള' എന്നായാളാണ്, അറസ്റ്റിലായ ഡോക്ടർ ഡോ. മുസമിൽ ഷക്കീലിന് ബോംബ് നിർമ്മാണ വീഡിയോകൾ കൈമാറിയത്.
'ഹൻസുള്ള' വ്യാജ പേരാണെന്നും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നുള്ള പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വഴിയാണ് 'ഹൻസുള്ള' ഡോക്ടർ മുസമ്മിലുമായി ബന്ധപ്പെട്ടിരുന്നതെന്ന് എൻഐഎ സൂചിപ്പിക്കുന്നു.മൗലവി ഇർഫാനാണ് ഡോക്ടർമാരെ ഭീകരസംഘടനയിലേക്ക് ആകർഷിച്ചു കൊണ്ടു വരുന്നതും, വൈറ്റ് കോളർ മൊഡ്യൂൾ രൂപീകരിക്കാൻ നേതൃത്വം വഹിച്ചതും.ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർ മുസമ്മിൽ ഷക്കീലിനെയാണ് മൗലവി സംഘത്തിലേക്ക് ആദ്യം റിക്രൂട്ട് ചെയ്തത്.
തുടർന്ന് ഡോക്ടർ മുസമ്മിൽ ഷക്കീൽ അൽ ഫലാഹ് സർവകലാശാലയിലെ സമാന ചിന്താഗതിക്കാരായ ഡോക്‌ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവരെ കണ്ടുമുട്ടുകയും അവരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു.ഷക്കീലാണ് സ്ഫോടക വസ്തുക്കളെല്ലാം എത്തിച്ചു നൽകിയത്. ഡൽഹിയിൽ സ്ഫോടനം നടത്തിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ചാവേർ ബോംബർ ഉമർ മുഹമ്മദ് എന്ന ഉമർ-ഉൻ-നബിക്ക് കൈമാറിയതിലും ഷക്കീലിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.













