സായുധവിപ്ലവം മതിയാക്കി മാവോയിസ്റ്റുകൾ കീഴടങ്ങുന്നു. മാർച്ചിനകം ഇല്ലായ്മ ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കെ നാലുമാസം മുൻപേ കീഴടങ്ങി മാവോയിസ്റ്റ് നേതൃത്വം. ഇനി സജീവ രാഷ്ട്രീയത്തിലേക്കും ജനാധിപത്യ ധാരയിലേക്കും മാവോയിസ്റ്റുകളും വരും. കേരളത്തിലും മാവോയിസ്റ്റ് സാന്നിദ്ധ്യമില്ലെന്ന് പ്രഖ്യാപിച്ച് പോലീസ്.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രക്തരൂക്ഷിത വിപ്ലവങ്ങൾക്ക് അറുതിയാവുന്നു
Keralanewsmedia:online
തിരുവനന്തപുരം: പശ്ചിമഘട്ടമേഖലയിൽ പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളെല്ലാം കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്തതോടെ കേരളവും മാവോയിസ്റ്റ് മുക്തമായി.കഴിഞ്ഞ ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷ് (രവി) തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായതോടെയാണ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ മാവോയിസ്റ്റുകളെയും പിടികൂടാനായെന്ന് പോലീസ് അവകാശപ്പെട്ടത്.കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയായ ട്രൈ ജംഗ്ഷനിൽ 2013മുതൽ പ്രവർത്തിക്കുന്നയാളാണ് സന്തോഷ്. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷ് സായുധ വിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.45 യു.എ.പി.എ കേസുകളിൽ പ്രതിയാണ്. 2024 ജൂലായിൽ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവർക്കൊപ്പമുണ്ടായിരുന്ന സന്തോഷ് പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. പിന്നീട് സോമനും മനോജും മൊയ്‌തീനും അറസ്റ്റിലായി. ഇതോടെ സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.അതേസമയം, സായുധപോരാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചും കീഴടങ്ങാൻ സന്നദ്ധതയറിയിച്ചും മാവോയിസ്റ്റുകൾ കേന്ദ്രത്തിന് കത്ത് നൽകിയതോടെ രാജ്യത്ത് മാവോയിസം അവസാനിക്കുകയാണ്.2026 ഫെബ്രുവരി 15 വരെയാണ് കീഴടങ്ങാൻ സമയം തേടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർക്കും കത്ത് നൽകിയത്. അടുത്ത മാർച്ച് 31നകം രാജ്യത്ത് മാവോയിസം അവസാനിപ്പിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കെയാണിത്.പ്രശ്നങ്ങളില്ലാതെയുള്ള കീഴടങ്ങലിന് സൗകര്യമൊരുക്കുന്നതിനായി നിലവിലെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ കേരള- തമിഴ്‌നാട്- കർണാടക അതിർത്തി മേഖലകളിലടക്കം തണ്ടർബോൾട്ടിന്റെ തിരച്ചിൽ തുടരാനാണ് തീരുമാനം.ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ തീരുമാനിച്ചതിനാൽ ഡിസംബർ 2ന് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി വാരം ആഘോഷിക്കില്ല. രാജ്യത്തെയും ലോകത്തെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് കീഴടങ്ങാനുള്ള തീരുമാനം.സായുധസമരം താത്കാലികമായി നിർത്തിവയ്ക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് സോനു അടുത്തിടെയെടുത്ത തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും കത്തിൽ പറയുന്നു.പാർട്ടിയെ രക്ഷിക്കാൻ സായുധസമരം നിർത്തുന്നതാണ് ഏറ്റവും നല്ലത്' എന്ന് മല്ലോജുല വേണുഗോപാൽ റാവു എന്ന സോനു സെപ്തംബറിൽ എഴുതിയ ഒരു കത്തിൽ പറഞ്ഞിരുന്നു.ഒക്ടോബറിൽ സോനു മഹാരാഷ്ട്രയിൽ കീഴടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിരവധി മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ഉന്നത കമാൻഡർ മദ്വി ഹിദ്മ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സംഘടന മാനസികമായി തളർന്നതായാണ് റിപ്പോർട്ട്. ഇപ്പോൾ തന്നെ പിളർപ്പിലായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്ക് (മാവോയിസ്റ്റ്) രണ്ട് പ്രായമായ കമാൻഡർമാർ മാത്രമാണ് അവശേഷിക്കുന്നത്.ഒരുകാലത്ത് തന്ത്രങ്ങൾക്ക് രൂപം നൽകുകയും സൈനിക വിഭാഗത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത തിപ്പിരി തിരുപ്പതി എന്ന ദേവുജി, സായുധപോരാട്ടങ്ങളുടെ പ്രതാപ കാലത്ത് സോണൽ കമ്മിറ്റികളെ നയിച്ച ഗണേഷ് ഉയ്കെ എന്നിവരാണ് അവശേഷിക്കുന്ന കമാൻഡർമാർ. രോഗബാധിതരായ ഇരുവരും ഇപ്പോൾ വിശ്വസ്‌തരുടെ സഹായത്താലാണ് കഴിയുന്നത്.കേരളത്തിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് വമ്പൻ പാരിതോഷികവും ജോലിയും സർക്കാർ നൽകുന്നുണ്ട്.വയനാട്ടിൽ കഴിഞ്ഞവർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയാണ് കൈമാറിയത്.പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമ്മിച്ചുനൽകുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറിയിരുന്നു.ലിജേഷിനെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പന്റും മറ്റ് ജീവനോപാധികളും നൽകാൻ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തിരുന്നു.വീടും സ്റ്റൈപ്പന്റും കൂടാതെ തുടർപഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാർഗ്ഗം കണ്ടെത്തുന്നതിനായി ഗവ.ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താൻ സഹായം നൽകും.കേരളത്തിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 8 മാവോയിസ്റ്റുകളാണ്. ഇവരിൽ മിക്കവരെയും പിടികൂടിയ ശേഷം വെടിവച്ചതായാണ് മാവോയിസ്റ്റുകളുടെ ആരോപണം. മാവോയിസ്റ്റ് ഏറ്റുമുട്ടലുകൾക്കെതിരേ സി.പി.ഐയും രംഗത്ത് വന്നിരുന്നു.ഏറ്റുമുട്ടലുകളെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2016നവംബറിൽ മലപ്പുറത്ത് മാവോയിസ്റ്റ് ഉന്നത നേതാവ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടു.2019 മാർച്ചിൽ വയനാട്ടിലെ ലക്കിടിയിൽ സി.പി ജലീൽ കൊല്ലപ്പെട്ടു. 2019 ഒക്ടോബറിൽ ശ്രീമതി, സുരേഷ്, കാർത്തി, മണിവാസം എന്നിവരും 2020 നവംബറിൽ തമിഴ്‌നാട്ടുകാരനായ വേൽമുരുകനും കൊല്ലപ്പെട്ടു.













