രാഹുലിനായി വ്യാപക തെരച്ചിൽ; മുന്നണിക്ക് തലവേദന

റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

രാഹുലിനായി വ്യാപക തെരച്ചിൽ; മുന്നണിക്ക് തലവേദന

*തിരുവനന്തപുരം:* പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കേസിന് പിന്നാലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഡിസിപിയും ഒരു അസിസ്റ്റന്‍റ് കമ്മീഷണറും ഉൾപ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിനാണ് ഡിജിപിയുടെ നിർദേശം. രാഹുലിനായി കേരളത്തിലുടനീളം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.

അതേസമയം, രാഹുലിനെതിരെ പാലക്കാടും അടൂരിലെ വീട്ടിലേക്കും പ്രതിഷേധവുമായി വിദ്യാർഥി യുവജന സംഘടനകളും രംഗത്തെത്തി. കേസിൽ രാഹുലും വഞ്ചിയൂർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ പ്രതിരോധത്തിലായ കോൺഗ്രസിൽ രാഹുലിനെ എതിത്തും അനുകൂലിച്ചും അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിലും വിവാദം പ്രതിഫലിച്ച് തുടങ്ങിയതിനാൽ രാഹുലിനെതിരായ കേസ് പാർട്ടിയ്ക്കും മുന്നണിക്കും തലവേദനയായി മാറിയിരിക്കുകയാണ്.

രാഹുലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ നെയ്യാറ്റിന്‍കര കോടതിയിലാണ് വനിതാ മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൊലീസിനൊപ്പം കോടതിയിലെത്തി യുവതി മൊഴി നൽകി. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഡിജിപിയുടെ നിർദേശമെത്തിയതോടെ തിരുവനന്തപുരം വലിയമല പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നതടക്കം കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം നടന്നത് നേമം സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാൽ കേസ് അങ്ങോട്ട് മാറ്റി. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാം പ്രതിയും സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. അടൂര്‍ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. രാഹുലിനൊപ്പം ഇയാളും ഒളിവില്‍ പോയതായാണ് സൂചന.

അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ വകുപ്പ് കൂടി ചുമത്തിയാണ് കേസെടുത്തത്. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. പരാതി ലഭിച്ചയുടന്‍ വ്യഴാഴ്ച വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിരുന്നു. പിന്നാലെയാണ് കോടതിയിൽ മൊഴി നൽകിയത്.