ഹൈദരാബാദിൽ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്. ഡിജിറ്റൽ അറസ്റ്റിലൂടെ 71കാരന് നഷ്ടമായത് 1.92 കോടി രൂപ. മൂന്ന് പേർ അറസ്റ്റിൽ
Keralanewsmedia:online
ഹൈദരാബാദ്: ഡിജിറ്റൽഅറസ്റ്റിലൂടെ 71കാരന് നഷ്ടമായത് 1.92 കോടി രൂപ. ഹൈദരാബാദ് സ്വദേശിക്കാണ് പണം നഷ്ടമായത്. ആധാർ കാർഡ് ദുരുപയോഗം ചെയ്തതിന് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.സംഭവത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശികളായ പാണ്ഡു വിനിത് രാജ്, ജി തിരുപ്പതയ്യ, ഗൗണി വിശ്വനാഥം എന്നിവരാണ് അറസ്റ്റിലായത്.സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ആധാർ കാർഡ് ദുരുപയോഗം ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആധാർ ഉപയോഗിച്ച് മുംബൈയിലെ കാനറ ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു.ഇത് തെളിയിക്കാനായി കാനറ ബാങ്കിന്റെ എ.ടി.എം കാർഡും ഡൽഹി ക്രൈംബ്രാഞ്ചിന്റെ വ്യാജ എഫ്.ഐ.ആറും വിഡിയോ കോൾ വഴി തട്ടിപ്പുകാർ കാണിച്ചു കൊടുത്തു.പിന്നീട് കേസ് അവസാനിപ്പിക്കാനായി പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നവംബർ 7 മുതൽ 14 വരെയുള്ള ദിവസങ്ങളിലായി 1,92,50,070 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.













