ആഭ്യന്തര വിമാന സർവീസുകൾക്കു തോന്നുംപടി ടിക്കറ്റ് വർധിപ്പിക്കുന്നതിനു തടയിട്ട കേന്ദ്ര നടപടി സ്വാഗതം ചെയ്ത് യാത്രക്കാർ. ഏറെ നാളായി യാത്രക്കാർ ഉന്നയിച്ച ആവശ്യമായിരുന്നു ടിക്കറ്റ് നിരക്ക് ഏകീകരിക്കൽ
Keralanewsmedia:online
കോട്ടയം: ആഭ്യന്തര സർവീസുകളിൽതോന്നും പോലെ വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുന്ന നടപടിക്കു കേന്ദ്ര സർക്കാർ തടയിട്ടതിനെ സ്വാഗതം ചെയ്തു യാത്രക്കാർ. കേന്ദ്ര നടപടി തങ്ങളെ കൊള്ളയടിക്കുന്നതിനു തടയുന്നതിനു തുല്യമെന്നു യാത്രക്കാർ പറയുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻഡിഗോയുടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ദുരിതം വർധിച്ചത്. ഇത് മുതലെടുത്ത് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടി. ഡൽഹിയിലേക്ക് കൊച്ചിയിൽ നിന്ന് 40,000 രൂപയും തിരുവനന്തപുരത്ത് നിന്ന് 70,000 രൂപയുമായിരുന്നു അടുത്ത ദിവസങ്ങളിലെ എയർ ഇന്ത്യ ടിക്കറ്റ് നിരക്ക്.സാധാരണ 8,000 രൂപയാണ് ഈ റൂട്ടിലെ ശരാശരി ടിക്കറ്റ് നിരക്ക്. മറ്റ് സ്ഥലങ്ങളിലേക്കുള്ള സർവീസുകൾക്കും സമാനമായ നിരക്ക് വർധനയുണ്ടായിരുന്നു. ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയർന്നു.തുടർന്നാണ് വിഷയത്തിൽ മന്ത്രാലയത്തിന്റെ ഇടപെടൽ. 500 കിലോമീറ്റർ വരെ പരമാവധി 7,500 രൂപ വിമാനകൂലിയായി നിശ്ചയിച്ചു. 500 - 1000 കിലോമീറ്റർ വരെ പരമാവധി 12,000 രൂപ വരെ മാത്രമെ ടിക്കറ്റ് നിരക്ക് ഈടാക്കാൻ സാധിക്കുകയുള്ളൂ. 1000 - 1500 കിലോമീറ്റർ വരെ 15,000 രൂപയും1500 കിലോമീറ്റർ ദൂരപരിധിക്ക് മുകളിൽ 18,000 രൂപയും വിമാനക്കൂലി പരിധിയായി നിശ്ചയിച്ചു.സാധാരണയിലും കൂടിയ നിരക്കുകൾ ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കരുതെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു. നിലവിലെ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കുന്നതുവരെ ഈ താൽക്കാലിക നിയന്ത്രണങ്ങൾതുടരും.
57
അതേസമയം, ആഭ്യന്തര സർവീസുകളിൽ ഡൈനാമിക് പ്രൈസിങ് രീതി എടുത്തുകളയണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. പുതിയ നിരക്ക് യാത്രക്കാർക്കിടയിൽ ചില ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.പുതിയ നിരക്ക് പ്രകാരം ഇനി ഡൽഹി വരെ പോകണമെങ്കിൽ 18000 രൂപവരെ നൽകേണ്ടിവരും. മുൻപു ഉത്സവ സീസണുകളിൽ ഒഴിച്ചു ടിക്കറ്റ് നിരക്ക് ഇതിനേക്കാൾ കുറവായിരുന്നു എന്നും യാത്രക്കാർ പറയുന്നുണ്ട്.













