പെൻഡ്രൈവിലെ ദൃശ്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നൽകണം'; വിധിയിലെ പ്രധാന നിർദേശങ്ങൾ
Keralanewsmedia:online
കൊച്ചി: കേരളം കഴിഞ്ഞ എട്ട്വർഷമായി ചർച്ച ചെയ്‌ത നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് നൽകിക്കൊണ്ട് എറണാകുളം സെഷൻസ് കോടതി പുറപ്പെടുവിച്ചത് 1700 പേജുകളടങ്ങിയ വിധിന്യായം.സെൻഷേണലിസം കോടതിയെ ബാധിക്കില്ലെന്ന് മുഖവുരയോടെ ആയിരുന്നു ജഡ്‌ജി ഹണി എം വർഗീസ് നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവം ആരംഭിച്ചത്.കേസിൽ പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട നടപടിയിൽ വ്യാപക വിമർശനങ്ങൾ ഉയർത്തിക്കൊണ്ടാണ് കോടതിയുടെ നടപടി.കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ കുടുംബം, പ്രായം എന്നിവ പരിഗണിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്.പ്രതികൾക്കെല്ലാം നാൽപത് വയസിൽ താഴെയാണെന്ന് വിലയിരുത്തിയും. പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ചുമാണ് കോടതി ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയത്.തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും 25000 രൂപ പിഴയും. ഗൂഢാലോചനയ്ക്ക് ഒരു വർഷം തടവും അര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിന് പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം രണ്ടു ശിക്ഷകളാണ് കോടതി വിധിച്ചത്.ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വർഷം തടവ്, ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വർഷം തടവുമാണ് കോടതി നൽകിയിരിക്കുന്നത്.തടഞ്ഞുവെക്കലിന് ഒരു വർഷം തടവ് പ്രതികൾക്ക് വിധിച്ചപ്പോൾ പ്രേരണാകുറ്റത്തിന് പ്രതികളെ ശിക്ഷിച്ചിട്ടില്ല.ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന നിർദേശവും വിധിയിലുണ്ട്. ഇതോടെയാണ് പ്രതികളുടെ ശിക്ഷാ കാലാവധി 20 വർഷമായത്.ജയിലിൽ കിടന്ന കാലയളവും ശിക്ഷയായി പരിഗണിക്കും.പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ ഏഴ് വർഷത്തിലേറെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് കുറച്ചായിരിക്കും ഇനിയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരിക. കേസിലെ അപ്പീൽ നടപടികൾ കഴിയുന്നതുവരെ ഇരയുടെ പെൻഡ്രൈവ് ദൃശ്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. തെളിവിന്റെ ഭാഗമായിരുന്ന നടിയുടെ മോതിരംതിരികെ നൽകണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.കേസിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തംകഠിനതടവ് നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.എന്നാൽ, കോടതി ഇതംഗീകരിച്ചില്ല. ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവാണ് ശിക്ഷ വിധിച്ചത്. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേൽ രണ്ടു മണിക്കൂർ വാദം കേട്ടിരുന്നു.













