*ഓണം: തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കി :മന്ത്രി വി ശിവൻകുട്ടി*

Keralanewsmedia

*ഓണം: തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കി :മന്ത്രി വി ശിവൻകുട്ടി*

വാർത്താക്കുറിപ്പ് - സെപ്റ്റംബർ 2

*ഓണം: തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കി :മന്ത്രി വി ശിവൻകുട്ടി*

2025-ലെ ഓണത്തോടനുബന്ധിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിൽ വകുപ്പ് സമയബന്ധിതമായി വിപുലമായ നടപടികൾ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ ബോണസ് തർക്കങ്ങൾ പരിഹരിക്കുന്നതിനും പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുന്നതിനും വകുപ്പ് കാര്യക്ഷമമായി ഇടപെട്ടു.

സംസ്ഥാനത്തെ വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ഓണം ബോണസുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിന് ആകെ 329 ഡിമാൻഡുകൾ ലഭിച്ചു. ഇതിൽ 284 എണ്ണവും ഓഗസ്റ്റ് 31-ന് മുമ്പ് തീർപ്പാക്കി. ബാക്കിയുള്ള 45 പരാതികളിൽ അനുരഞ്ജന ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ വർഷത്തേക്കാൾ മെച്ചപ്പെട്ട ബോണസ് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് പൂർത്തിയാക്കിയത്. ഔഷധി, ഹോംകോ, കശുവണ്ടി, കയർ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമാകും.

ഓണക്കാലത്ത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. ഒന്നോ അതിലധികമോ വർഷമായി അടഞ്ഞുകിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക് 2,500 രൂപ വീതം ധനസഹായം വിതരണം ചെയ്തു. ഇതിനായി 3,45,87,500 രൂപ അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ, തോട്ടങ്ങൾ, കയർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 10,440 തൊഴിലാളികൾക്ക് 2,000 രൂപ വീതം എക്സ്ഗ്രേഷ്യയായി 2,08,80,000 രൂപ വിതരണം ചെയ്തു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉള്ള 2,425 തൊഴിലാളികൾക്ക് 1,000 രൂപയുടെ സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യുന്നതിനായി 24,25,000 രൂപ അനുവദിച്ചു.

മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി മുഖേന 39 ലക്ഷം രൂപയുടെ അവശതാ ധനസഹായം വിതരണം ചെയ്തു.

കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യം, ഈറ്റ, പനമ്പ് തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കായി ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം 100 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. ഇതിൽ ഈ ഓണക്കാലത്ത് 50 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏകദേശം 4 ലക്ഷത്തോളം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

തൊഴിൽ വകുപ്പിന്റെ ഈ മുൻകരുതൽ നടപടികൾ ഓണക്കാലം എല്ലാ തൊഴിലാളികൾക്കും സന്തോഷകരമാക്കാൻ സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.