ജെഎസ്കെ സിനിമാ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക; പതിഷേധ പ്രകടനം നടത്തും
ജെഎസ്കെ സിനിമാ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക; പതിഷേധ പ്രകടനം നടത്തും
സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. തിങ്കളാഴ്ച സിബിഎഫ്‌സിയുടെ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്താനും ഫെഫ്ക്ക തീരുമാനിച്ചു.അമ്മയും നിർമാതാക്കളുടെ സംഘടനയും ഉൾപ്പെടെ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
"ജാനകി വേഴ്സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാൻ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകൾ വർധിച്ചുവരുന്നുണ്ട്.
ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല. കാരണം സിബിഎഫ്സി പോലുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകൾ സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട്സംഭവിച്ചിരിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക സമൂഹം ഇത് അഡ്രസ് ചെയ്യാതെ ഇരുന്നാൽ ഇത്തരം പ്രവണതകൾ വർധിച്ചു കൊണ്ടേയിരിക്കും. സ്വതന്ത്രം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയം.
സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മൾ കരുതേണ്ടതില്ല.
ഇത് സമീപകാലത്ത് ആരംഭിക്കുകയും നിർബാധം തുടരുകയും ചെയ്യുന്ന പ്രവണതയാണ്. ഇത് കൂടുതൽസമൂഹത്തെ ബാധിക്കുകയും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൻ്റെ തുടർച്ചയായി മാറുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
അതുകൊണ്ട് സിനിമയുടെ മാത്രം പ്രശ്നമാണെന്ന രീതിയിൽ ഇതിനെ കാണുന്നത് ശരിയല്ല. അതുകൊണ്ടാണ് സാംസ്കാരിക രംഗം ശ്രദ്ധിക്കുന്ന പ്രത്യക്ഷ സമരപരിധിയിലേക്ക് പോകാൻ ഫെഫ്ക തീരുമാനിക്കുന്നത്.
ഒരു സമ്മർദത്തിൻ്റെ ഭാഗമായി ഒരു വഴങ്ങി കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കിൽ നാളെ ഇതിനേക്കാൾ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന കാര്യത്തിൽ സംശയമില്ല.
അതുകൊണ്ടാണ് സംവിധായക സംഘടനകൾ അടക്കം എല്ലാ സംഘടനകളും അണിനിരന്നുകൊണ്ട്സംയുക്തമായ സമരപരിപാടി ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിയമം അനുവദിക്കുന്ന സ്വതന്ത്രം എല്ലാ സർഗാത്മകത പ്രവർത്തികൾക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയിൽ നിന്നും ലഭിക്കുമെന്ന് നമ്മൾ ആഗ്രഹിക്കുകയാണ്..." -രഞ്ജി പണിക്കർ പറഞ്ഞു.













