ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഡൽഹി: രാജ്യമെമ്പാടും മൺസൂൺ ഒൻപത് ദിവസം മുമ്പേ എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിവ് സമയമായ ജൂലൈ 8-നു മുമ്പ് തന്നെ, ജൂൺ 29-ന് രാജസ്ഥാൻ, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ കാലവർഷം എത്തിയതായി ഐഎംഡി അറിയിച്ചു.ശനിയാഴ്ചയും ഞായറാഴ്ചയും ഡൽഹി-എൻസിആറിൽ ഇടിയോടുകൂടെ നേരിയതും മിതമായതുമായ മഴ പെയ്തു. രോഹിണി, പിതംപുര, കരവാൽ നഗർ, രജൗരി ഗാർഡൻ, ദ്വാരക, ഐജിഐ വിമാനത്താവളം, തലസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു.ഹരിയാനയിലെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും നോയിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴയും ഇടിമിന്നലും ഉണ്ടായി. ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്തി.
അതേസമയം, കനത്ത മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ചാർ ധാം യാത്ര അടുത്ത 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു.ബദരീനാഥ്, കേദാർനാഥ് തീർത്ഥാടകരെ ശ്രീനഗറിലോ രുദ്രപ്രയാഗിലോ തടഞ്ഞുവെച്ചിരിക്കുകയാണ്. യമുനോത്രി, ഗംഗോത്രി തീർത്ഥാടകരെ വികാസ്നഗറും ബാർകോട്ടും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ അറിയിച്ചു.
ആരാധനാലയങ്ങളിലുള്ള തീർത്ഥാടകരെ സുരക്ഷാ നടപടികളോടെയാണ് തിരികെ കൊണ്ടുവരുന്നത്.
ഇന്ത്യയിൽ സാധാരണയായി മൺസൂൺ ജൂൺ അവസാനത്തോടെയാണ് രാജ്യത്ത്മുഴുവൻ എത്തുന്നത്, എന്നാൽ ഇത്തവണ ഒൻപത് ദിവസം മുമ്പേ തന്നെ കാലവർഷം വ്യാപിച്ചതാണ് പ്രത്യേകത.













